പ്രതികളെ ഉദ്യോഗസ്ഥർ ജയിലിൽ മർദിക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. സ്വയം നവീകരിക്കാനാണ് പ്രതികളെ ജയിലുകളിൽ അയക്കുന്നതെന്ന് ഉദ്യോഗസ്ഥർ ഓർക്കണം. അവരോട് സമാധാനത്തിൽ പെരുമാറണമെന്നും ഹൈക്കോടതി പറഞ്ഞു. വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർ മർദിച്ചെന്നാരോപിച്ച് രണ്ട് പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം.
അധികൃതരുടെ കായികബലം കാണിക്കാനുള്ള സ്ഥലമല്ല ജയിലുകൾ. വ്യത്യസ്ത സ്വഭാവത്തിലുള്ള പ്രതികൾ ജയിലിലുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡെപ്യൂട്ടി സൂപ്രണ്ട് വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം. പരാതി അന്വേഷിക്കാൻ ക്രൈം എഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകി. ആവശ്യമെങ്കിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കാനും കോടതി നിർദേശിച്ചു.