ഉമ്മൻചാണ്ടിയുടെ വേർപാടാേടെ അവസാനിച്ചത് കേരള രാഷ്ട്രീയത്തിലെ പ്രധാന ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൗതികമായ സാന്നിദ്ധ്യം വിടവാങ്ങുമ്പോഴും ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുമെന്നും നിയമസഭയില്‍ അനുശോചന പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
53 വർഷക്കാലം നിയമസഭാ സാമാജികനായി തുടരുക എന്നത് ജനമനസ്സുകളിൽ അദ്ദേഹം നേടിയ വിജയത്തിന്റെ തെളിവാണെന്ന് പിണറായി വിജയൻ പറഞ്ഞു. 70-കളുടെ തുടക്കത്തിൽ നിരവധി യുവാക്കളുടെ കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മൂന്ന് തവണ അദ്ദേഹം വിവിധ വകുപ്പുകളുടെ മന്ത്രിയായി. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. ജീവിതം രാഷ്ട്രീയത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് ഉമ്മൻ ചാണ്ടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
1970 മുതല്‍ കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ സജീവ സാന്നിധ്യമായി ഉമ്മന്‍ചാണ്ടി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് ശ്രദ്ധേയമാണ്. അക്കാലയളവില്‍ ഉടനീളം കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും മന്ത്രിസഭയുടെയും നേതൃനിര്‍ണയ കാര്യങ്ങളിലടക്കം നിര്‍ണായകമാംവിധം ഇടപെട്ടിട്ടുണ്ട് ഉമ്മന്‍ചാണ്ടി. ഇളം പ്രായത്തിലേ പൊതുരംഗത്തേക്കു കടന്നുവന്നയാളാണ് അദ്ദേഹം. ബാലജനസഖ്യത്തിലൂടെ, കെ എസ് യുവിലൂടെ കടന്നുവന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും പൊതുരംഗത്തും അദ്ദേഹം നിറഞ്ഞുനിന്നു.രാഷ്ട്രീയമായി ഇരുചേരികളില്‍ നില്‍ക്കുമ്പോഴും സൗഹൃദത്തിന് ഒരു കോട്ടവുമുണ്ടായിരുന്നില്ലെന്നു പിണറായി വിജയൻ പറഞ്ഞു. 2016 ല്‍ മുഖ്യമന്ത്രിയാകണമെന്ന് എല്‍ ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി നിശ്ചയിച്ചതിനെ തുടര്‍ന്ന് താൻ ആദ്യം പോയി സന്ദര്‍ശിച്ചത് അതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ ആയിരുന്നു. രണ്ടു തവണ ഈ സഭയുടെ നാഥനായിരുന്ന അദ്ദേഹത്തില്‍ നിന്നും സഭയുടെ നടത്തിപ്പില്‍ ഉള്‍പ്പെടെ മികച്ച സഹകരണമാണ് ഉണ്ടായിട്ടുള്ളതെന്നും പിണറായി അനുസ്മരിച്ചു.
കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിച്ച നാലാം നിയമസഭ മുതല്‍ പതിനഞ്ചാം നിയമസഭ വരെ തുടര്‍ച്ചയായി കേരള അംഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ കേരള നിയമസഭയ്ക്കുള്ള അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.