കണ്ണൂർ ഉളിക്കലിലെ ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നെഞ്ചിന് ചവിട്ടേറ്റതാണ് മരണകാരണം. ശരീരത്തിൽ ആന ചവിട്ടിയ പാടുകളുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. അത്രശ്ശരിയിൽ ജോസ് (70)അണ് മരിച്ചത്. ബുധനാഴ്ച ഉളിക്കൽ ടൗണിനെ വിറപ്പിച്ച ഒറ്റയാൻ തിരിഞ്ഞോടുന്നതിനിടെ ജോസിനെ ചവിട്ടിക്കൊന്നതാണെന്ന് കരുതുന്നു.
ഇന്ന് രാവിലെയാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആന്തരിക അവയവങ്ങൾ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ ഉളിക്കൽ ലത്തീൻ പള്ളിയുടെ സമീപത്താണ് ആനയെ ആദ്യം കണ്ടത്. ഇതിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിലൂടെയാണ് അടുത്തുള്ള സ്‌കൂളിലേക്ക് ആന പോയത്. ഇന്നലെ നാട്ടിലിറങ്ങിയ ആനയെ കാണാനെത്തിയ ആളുകളുടെ കൂട്ടത്തിൽ ജോസും ഉണ്ടായിരുന്നു. ഇദ്ദേഹം കൊല്ലപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രദേശത്തിറങ്ങിയ കാട്ടാന രാത്രി തന്നെ വനത്തിൽ പ്രവേശിച്ചതായി വനം വകുപ്പ് അറിയിച്ചിരുന്നു. ജോസിൻ്റെ സംസ്കാരം നെല്ലിക്കാംപൊയിൽ സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ നടന്നു. ആലീസ് ആണ് ഭാര്യ. മിനി,സിനി എന്നീ രണ്ടു മക്കളും ഉണ്ട്.