എക്സാലോജിക് കമ്പനിയും സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അന്വേഷണത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്ന് പ്രതിപക്ഷം പ്രധാനസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേരളം കൊള്ളയടിച്ച് പി വി & കമ്പനി എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷം ബാനറുയര്‍ത്തി.
മാത്യു കുഴല്‍നാടന്‍ നല്‍കിയ അടിയന്തര പ്രമേയനോട്ടീസാണ് സ്പീക്കര്‍ തള്ളിയത്. ചട്ടം 53 പ്രകാരം അടിയന്തിരപ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ജുഡീഷ്യല്‍, അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനങ്ങളുടെ പരിഗണനയിലുള്ള വിഷയം പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ചട്ടം 53. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സഭാ നടപടികള്‍ ശ്രദ്ധക്ഷണിക്കലിലേയ്ക്ക് കടന്നു. ഇതിനിടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചിതിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
മടിയില്‍ കനം ഇല്ലെങ്കില്‍ തെളിയിക്കാന്‍ എന്ത് ഭയം എന്നെഴുതിയ പ്ലക്കാര്‍ഡും പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തി. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. പണം കൈപറ്റിയ വിഷയത്തില്‍ ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെയും ആര്‍ഓസിയുടെയും ഗുരുതരമായ കണ്ടെത്തലുകളും ചര്‍ച്ച ചെയ്യണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടിരുന്നു. പ്രതിപക്ഷ എംഎല്‍എമാരുടെ സ്റ്റാഫിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച് സഭയിൽ തർക്കവും ഉണ്ടായി.
എക്സാലോജിക്ക് സിഎംആർഎൽ ഇടപാടിലെ അന്വേഷണം എസ്എഫ്ഐഒക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. എക്സാലോജിക്കും സിഎംആർഎല്ലും കെഎസ്ഐഡിസിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു. എട്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.