സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന് വേദി നൽകുന്നതുമായി ബന്ധപ്പെട്ട ബി.ജെ.പിയിലെ തർക്കം പരസ്യപോരിലേക്ക്. ഇത് തന്റെ കൂടി പാര്‍ട്ടിയാണെന്നും മുന്നോട്ടുള്ള വഴിയില്‍ ആരെങ്കിലും തടസ്സം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകാന്‍ അറിയാമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിന്റെ അലയൊലികള്‍ കേരളത്തില്‍ എത്തിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് താൻ. അത് തുടരുകയും ചെയ്യും. ഇനി താൻ റോഡിലാണ്, ബൂത്തുതല പ്രവര്‍ത്തകരോടൊപ്പമാണ്, നമുക്ക് കാണാമല്ലോ എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
പാർട്ടി ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പായ ‘ BJP KOZHIKKODE DIST ‘ ലാണ് നേതൃത്വത്തെ പരസ്യമായി അപമാനിക്കുന്ന ശോഭ സുരേന്ദ്രനെ കോഴിക്കോട്ടെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനെതിരെ വിമർശനമുയർന്നത്. പിണറായി സർക്കാറിന്റെ മത്സ്യത്തൊഴിലാളി വഞ്ചനക്കെതിരെ ബി.ജെ.പി കോന്നാട് ബീച്ചിലെ ഫിഷറീസ് ഡി.സി ഓഫിസ് പരിസരത്ത് വെള്ളിയാഴ്ച നടത്തിയ രാപകൽ സമരത്തിന്റെ പോസ്റ്റർ ഈ വാട്സ്ആപ് ഗ്രൂപ്പിൽ ഇട്ടിരുന്നു. ‘കടലിന്റെ കണ്ണീരൊപ്പാൻ കേരളത്തിന്റെ സമര നായിക’ എന്നാണ് ശോഭ സുരേന്ദ്രനെ പോസ്റ്ററിൽ വിശേഷിപ്പിച്ചത്. പോസ്റ്റർ ഇട്ടതിനു പിന്നാലെ ‘ആ വ്യക്തിയെ എന്തിനാണ് വിളിക്കുന്നത്’ എന്ന് ചോദിച്ചുള്ള ചാറ്റുകൾ വന്നു. എ.ബി.വി.പി മുൻ സംസ്ഥാന സെക്രട്ടറി വി.പി. രാജീവനാണ് വിമർശനം ഉന്നയിച്ചത്. മണ്ഡലം പ്രസിഡന്റുമാരായ പി.സി. അഭിലാഷ്, മനോജ് നടുക്കണ്ടി എന്നിവർ ഇതിനെ പിന്തുണക്കുകയും ചെയ്തതോടെയാടെ പ്രശ്‍നം രൂക്ഷമായി.