ആരോടും വ്യക്തിപരമായ വിരോധം പാർട്ടിക്ക് ഇല്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു ഗോവിന്ദൻ.
നയമാണ് പ്രശ്നം. ആരെയെങ്കിലും എപ്പോഴും ശത്രുപക്ഷത്ത് നിർത്തിയുള്ള നിലപാട് പാർട്ടിക്ക് ഇല്ല. മുൻപുമില്ല, ഇപ്പോഴുമില്ല, ഇനിയുമില്ല. പാർട്ടി എടുക്കുന്ന നിലപാടിനെ സംബന്ധിച്ചു കൃത്യമായ അഭിപ്രായം അപ്പപ്പോൾ രേഖപ്പെടുത്താറുണ്ട്. എൻഎസ്എസിന്റെ സമദൂര നിലപാടു പലപ്പോഴും സമദൂരമാകാറില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സമദൂരം എന്നു പറഞ്ഞത് അത്രയും നല്ലത്. ഏതെങ്കിലും ഒരു ഭാഗത്ത് ഇല്ലല്ലോ. ജി.സുകുമാരൻനായരായാലും വെള്ളാപ്പള്ളി നടേശനായാലും തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് അഭ്യർഥിക്കാനുള്ള ജനാധിപത്യ മര്യാദയും അവകാശവും സ്ഥാനാർത്ഥിക്ക് ഉണ്ട്. സമുദായ സംഘടനാ നേതാക്കളെ കാണുന്നതിനെ തിണ്ണനിരങ്ങൽ എന്നൊക്കെ പറയുന്നത് കോൺഗ്രസിന്റെ പ്രയോഗമാണെന്നും ഗോവിന്ദൻ പറഞ്ഞു.
എല്ലാ സമുദായനേതാക്കളെയും വോട്ടർമാരെയും സ്ഥാനാർഥികൾ കാണും. പുരോഗമന സ്വഭാവമുള്ള പാർട്ടിയാണ് സി പി ഐ എം. എന്നാൽ മറ്റുള്ളവർക്കും വോട്ടുണ്ടെന്നും എല്ലാവരോടും വോട്ട് അഭ്യർഥിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.