എല്ലാ യൂണിവേഴ്സിറ്റികളും എകെജി സെൻ്ററിൽ നിന്ന് ഭരിക്കാം എന്ന ധാരണയുണ്ടെങ്കില്‍ അത് തെറ്റാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗവർണറെ കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസിൽ കാല് കുത്തിക്കില്ലെന്നാണ് എസ്എഫ്ഐ പറഞ്ഞത്. എന്നാല്‍ ക്യാമ്പസില്‍ കണ്ടത് എസ്എഫ്ഐ നാടകമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
നിയമവും നിയമവാഴ്ചയും ഉറപ്പാക്കാനാണ് ഗവർണർ വന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെയാണ് കലാപത്തിന് പിന്നിലെന്നും നവകേരള സദസ്സ് ഇനിയും ജില്ല കടക്കാനുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതുവരെ സ്വീകരിച്ചത് മാന്യതയുടെ രീതിയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറെ ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്രതിഷേധിച്ചിരുന്നു. ഗവര്‍ണര്‍ക്ക് ഗോ ബാക്ക് വിളിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രതിഷേധം തുടര്‍ന്നു. എന്നാല്‍ കനത്ത സുരക്ഷയില്‍ ഗവര്‍ണര്‍ ക്യാമ്പസില്‍ പ്രവേശിക്കുകയായിരുന്നു. ഇന്ന് കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസിലെ ഗസ്റ്റ് ഹൗസിലാണ് ഗവര്‍ണര്‍ താമസിക്കുന്നത്. കനത്ത സുരക്ഷയാണ് ക്യാമ്പസിലൊരുക്കിയിരിക്കുന്നത്.