മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി രാജ്ഭവന്‍റെ വാർത്താകുറിപ്പ്. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കറുത്ത ബാനറിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നാണ് ഗവർണറുടെ ആരോപണം. മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം ബാനർ ഉയർത്താനാകില്ല. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയുടെ തുടക്കമാണിത്. മുഖ്യമന്ത്രി ബോധപൂർവം ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചക്ക് ശ്രമിക്കുകയാണെന്നും രാജ്ഭവൻ കുറ്റപ്പെടുത്തി.
ക്യാമ്പസിൽ ഗവർണർ താമസിച്ച ഗസ്റ്റ് ഹൗസിനു മുന്നിലാണ് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത്. കാലിക്കറ്റ് സർവകലാശാല കാമ്പസിൽ തനിക്കെതിരെ എസ്.എഫ്.ഐ. പ്രവർത്തകർ ഉയർത്തിയ ബാനറുകൾ പോലീസിനെക്കൊണ്ടാണ് ഗവർണർ അഴിപ്പിച്ചത്. എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടും പോലീസിനോട് കയർത്തുകൊണ്ടുമാണ് ഞായറാഴ്ച രാത്രിയോടെ ഗവർണർ ബാനറുകൾ അഴിപ്പിക്കാൻ നേരിട്ട് രംഗത്തിറങ്ങിയത്. സാഹചര്യത്തിൽ ആണ് രാജ്ഭവൻ്റെ വാർത്താക്കുറിപ്പ്. മുഖ്യമന്ത്രിക്കെതിരെ രാജ്ഭവൻ ഇത്തരത്തില്‍ വാർത്താകുറിപ്പിറക്കുന്ന പതിവില്ല.