2023 ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ പോരാട്ടങ്ങള്‍ അവസാനിച്ചു. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ മികച്ച മെഡല്‍ വേട്ടയോടെയാണ് ഇന്ത്യ മടങ്ങുന്നത്. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 107 ആണ്. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആറ് സ്വര്‍ണ്ണമാണ് 14ാം ദിനം മാത്രം ഇന്ത്യ നേടിയത്.
വനിതകളുടെ അമ്പെയ്ത്തിലെ വ്യക്തിഗത വിഭാഗത്തില്‍ ജ്യോതി സുരേഖ വിനാം ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയപ്പോള്‍ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ ഓജസ് പ്രവീണും സുവര്‍ണ്ണ നേട്ടം സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി ചെസ്സില്‍ പുരുഷ-വനിതാ ടീമുകള്‍ വെള്ളി നേടിയതോടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചു. ഷൂട്ടിങ്, അത്‌ലറ്റിക്‌സ് രംഗങ്ങളില്‍ നിന്നാണ് ഏറ്റവുമധികം മെഡലുകള്‍ ഇന്ത്യ നേടിയത്. അത്‌ലറ്റിക്‌സില്‍ നിന്ന് മാത്രം 28 മെഡലുകളാണ് ലഭിച്ചത്. നീരജ് ചോപ്ര 88.88 മീറ്റര്‍ ദൂരം ജാവലിന്‍ ത്രോയില്‍ കണ്ടെത്തി സ്വര്‍ണം നിലനിര്‍ത്തി. ഷോട്ട്പുട്ടില്‍ തജിന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നിലനിര്‍ത്തി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. ബാഡ്മിന്റണില്‍ ഇന്ത്യ സ്വര്‍ണമടക്കം ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കി. ആര്‍ച്ചറിയില്‍ ഇന്ത്യ ദക്ഷിണ കൊറിയയെ മറികടന്ന് ഒന്നാമത്തെത്തി.
194 സ്വര്‍ണ്ണവും 108 വെള്ളിയും 68 വെങ്കലവും ചൈന നേടി. 49 സ്വര്‍ണ്ണവും 62 വെള്ളിയും 68 വെങ്കലവും ഉള്‍പ്പെടെ 179 മെഡലുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്താണ്. റിപ്പബ്ലിക്ക് ഓഫ് കൊറിയ 39 സ്വര്‍ണ്ണവും 56 വെള്ളിയും 89 വെങ്കലവും ഉള്‍പ്പെടെ 184 മെഡലുമായി മൂന്നാം സ്ഥാനത്തുമെത്തി. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ആകെ 70 മെഡലുകളായിരുന്നു നേടിയത്.