ദുബൈ മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് ഇന്ന് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായി.പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ 240 കോടി യാത്രക്കാര്‍ മെട്രോയില്‍ സഞ്ചരിച്ചതായാണ് ആര്‍ടിഎയുടെ കണക്കുകള്‍.99.7 ശതമാനം ആണ് ദുബൈ മെട്രോയുടെ സമയനിഷ്ഠ.നേട്ടങ്ങളുടെ നെറുകയില്‍ നിന്നുകൊണ്ടാണ് ദുബൈ മെട്രോ പതിനഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്നത്. 2009 സെപ്റ്റംബര്‍ ഒന്‍പതിന് ആണ് ദുബൈ മെട്രോ യാത്ര ആരംഭിച്ചത്. ഒന്നരപതിറ്റാണ്ടിനിടയില്‍ ആകെ നാല്‍പ്പത് ലക്ഷത്തിലധികം യാത്രകള്‍. സഞ്ചരിച്ചതാകട്ടെ 240 കോടി യാത്രക്കാരും. നിലവില്‍ പ്രതിദിനം 7.6 ലക്ഷം യാത്രക്കാര്‍. ഇരുപതിനായിരത്തില്‍ നിന്നും ആണ് 767000 പേരിലേക്ക് ദുബൈ മെട്രോയുടെ പ്രതിദിന യാത്രക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നത്.
പത്ത് സ്റ്റേഷനുകളില്‍ നിന്നും അന്‍പത്തിമൂന്ന് സ്റ്റേഷനുകളിലേക്കും ദുബൈ മെട്രോ ഇക്കാലയളവില്‍ വളര്‍ന്നു.തുടക്കത്തില്‍ അന്‍പത്തിരണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ആയിരുന്നു ദുബൈ മെട്രോ സര്‍വീസ് നടത്തിയിരുന്നത്. ഇന്ന് അത് തൊണ്ണൂറ് കിലോമീറ്ററായി ഉയര്‍ന്നു. ബ്ലുലൈനും നിര്‍മ്മിച്ച് മെട്രോയെ നഗരത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ് ദുബൈ ഭരണകൂടം. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ 99.7 ശതമാനം ആണ് ദുബൈ മെട്രോയുടെ പ്രത്യേകത. മെട്രോയുടെ കൃത്യനിഷ്ഠ നൂറ് ശതമാനമാക്കും എന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ദുബൈയുടെ സംസ്‌കാരത്തേയാണ് മെട്രോ പ്രതിനിധീകരിക്കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും കുട്ടികള്‍ക്കുള്ള പ്രത്യേക പരിപാടികളും മെട്രോ സ്‌റ്റേഷനുകളിലെ സംഗീതപരിപാടികളും എല്ലാമായി വിപുലമായിട്ടാണ് ദുബൈ മെട്രോയുടെ പതിനഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്നത്.