സംഘപരിവാർ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയം തനിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദം ഉയർത്തിയതിന്റെ പേരിൽ പാർലമെന്റിൽ നിന്ന് സസ്പെൻഷൻ വാങ്ങിയ ദിനംതന്നെ സംഘപരിവാറിന്റെ ചാപ്പകുത്താൻ നടത്തുന്ന ശ്രമത്തെ തികഞ്ഞ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. സെനറ്റിലേക്ക് യോഗ്യത ഇല്ലാത്തവരെ നോമിനേറ്റ് ചെയ്താൽ എതിർക്കും എന്നാണ് പറഞ്ഞതെന്നും സുധാകരൻ പറഞ്ഞു. നേരത്തെ ഗവർണറുടെ വിഷയത്തിലുള്ള പ്രതികരണം വലിയരീതിയിൽ വിമശനങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.
നരേന്ദ്ര മോദിക്കെതിരെ നാവു ചലിപ്പിക്കാന്‍ പോലും കരുത്തില്ലാത്ത പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും അത് പ്രബുദ്ധരായ മതേതര ജനാധിപത്യബോധമുള്ള കേരള ജനത ഒരിക്കലും ഉള്‍ക്കൊള്ളില്ല. എനിക്ക് സംഘപരിവാര്‍ പട്ടം ചാര്‍ത്തി നല്‍കാന്‍ അഹോരാത്രം പണിയെടുക്കുന്നവര്‍ ആ വെള്ളം വാങ്ങിവെക്കുന്നതാണ് ഉചിതം. പകലും രാത്രിയിലും സംഘപരിവാറിന് വേണ്ടി വെള്ളം കോരുന്ന പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും എന്റെ മതേതര മനസിനും ബോധത്തിനും ഒരു ചെറുതരി പോറല്‍പോലും ഏല്‍പ്പിക്കാന്‍ സാധ്യമല്ല. സംഘപരിവാര്‍ ആശയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണ്ണറെ ഒരുകാലത്തും കോണ്‍ഗ്രസ് പിന്തുണച്ചിട്ടില്ല. ഗവര്‍ണ്ണറെ പിന്‍വലിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടവരാണ് ഞങ്ങളെന്നും സുധാകരൻ പറഞ്ഞു.