പ്രസിദ്ധീകരിക്കാൻ പോവുന്ന തന്‍റെ പുസ്തകം സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയിൽ വിശദീകരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഒരു മലയാള മാധ്യമം തെറ്റായ വാര്‍ത്ത നല്‍കി തന്റെ വാക്കുകള്‍ വളച്ചൊടിച്ചു. പുസ്തകത്തില്‍ ഒരു വാക്ക് പോലും പാര്‍ട്ടിക്കെതിരെ പറഞ്ഞിട്ടില്ല. സി പി ഐ എമ്മിനെ മോശമാക്കുന്ന ഒരു വരി പോലും തന്‍റെ പുസ്തകത്തിലില്ല. 55 വർഷമായി താൻ പ്രവർത്തിക്കുന്ന പാർട്ടിയാണ് എന്നും ബൃന്ദ കാരാട്ട് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
1975 മുതല്‍ 1985വരെ ഡല്‍ഹിയിലുള്ള കാലത്ത് ട്രേഡ് യൂണിയനുകളുടെയും വനിതാ സംഘടനകളുടെ രൂപീകരണവും സംഘാടക എന്ന നിലയിലെ അനുഭവങ്ങളുമാണ് പുസ്തകത്തിലുള്ളത്. രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പോരാട്ടമാണ് പുസ്തകത്തില്‍. സെൻസേഷനൽ ഹെഡ്ഡിങ് ആണ് വാർത്തക്ക് നൽകിയിട്ടുള്ളത്. ഇത്തരത്തിൽ വാർത്ത നൽകിയതിനെ അപലപിക്കുന്നുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
‘എന്നെ ഭാര്യമാത്രമാക്കി, പാര്‍ട്ടി സ്വതന്ത്രവ്യക്തിത്വം അംഗീകരിച്ചില്ല’ എന്ന തലക്കെട്ടില്‍ മലയാള മനോരമ ദിനപത്രത്തില്‍ വന്ന വാര്‍ത്തക്കെതിരെയാണ് ബൃന്ദ രംഗത്തെത്തിയത്. തന്റെ സ്വതന്ത്രവ്യക്തിത്വം അംഗീകരിക്കാതെ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി കണ്ടുവെന്ന് ‘ആന്‍ എജ്യൂക്കേഷന്‍ ഫോര്‍ റീത’ എന്ന പേരില്‍ പുറത്തിറക്കുന്ന ഓര്‍മ്മക്കുറിപ്പില്‍ പറയുന്നുവെന്നാണ് വാര്‍ത്ത. റീത എന്നത് അടിയന്തരാവസ്ഥക്കാലത്ത് ബൃന്ദയ്ക്ക് പാര്‍ട്ടി നല്‍കിയ വിളിപ്പേരാണ്.