ഏകീകൃത ജിസിസി വീസയ്ക്ക് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ അംഗീകാരം. ജിസിസി മന്ത്രിതലയോഗത്തില്‍ ഐക്യകണ്‌ഠേനയാണ് ഏകീകൃത വീസയ്ക്ക് അംഗീകാരം നല്‍കിയത്. വൈകാതെ ജിസിസി വീസ പ്രാബല്യത്തില്‍ വരും എന്നാണ് റിപ്പോര്‍ട്ട്.ജിസിസിയുടെ വിനോദസഞ്ചാര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏകീകൃത വീസയിലേക്ക് ഒരു പടികൂടി കടന്നിരിക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍.
കഴിഞ്ഞ ആഴ്ച്ച ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ ചേര്‍ന്ന ജിസിസി മന്ത്രിമാരുടെ യോഗം ആണ് ഏകീകൃത വീസയ്ക്ക് അംഗീകാരം നല്‍കിയത്. യുഎഇ,സൗദി അറേബ്യ, ഒമാന്‍,ബഹ്‌റൈന്‍,കുവൈത്ത്,ഖത്തര്‍ എന്നി ആറ് അംഗരാജ്യങ്ങളുടെയും മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ ഏകകണ്ഠമായാണ് ഏകീകൃത വീസയ്ക്ക് അംഗീകാരം നല്‍കിയത്. ഒമാന്‍ പൈതൃക-വിനോദസഞ്ചാരവകുപ്പ് മന്ത്രി സലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൗഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.വൈകാതെ തന്നെ വീസ പ്രാബല്യത്തില്‍ വരുമെന്നും സലീം ബിന്‍ മുഹമ്മദ് പറഞ്ഞു. നവംബറില്‍ മസ്‌ക്കത്തില്‍ നടക്കുന്ന ജിസിസി ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ ആയിരിക്കും ഏകീകൃത വീസ അവതരിപ്പിക്കുക.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏകീകൃത വീസ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരൊറ്റെ വീസ എടുത്താല്‍ ജിസിസിയിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന സംവിധാനം ആണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ ഓരോ രാജ്യങ്ങളും സന്ദര്‍ശിക്കുന്നതിന് അതത് രാജ്യങ്ങളുടെ വീസ ആവശ്യമാണ്. ഏകീകൃത വീസ വരുന്നതോട് കൂടി ഇത് ഒഴിവാകും. ജിസിസി രാജ്യങ്ങളിലെ താമസവീസക്കാരായ പ്രവാസികള്‍ക്കും ഏകീകൃത വീസ സംവിധാനം പ്രയോജനകരമാകും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് ഏകീകൃത വീസ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്