മാനന്തവാടി തലപ്പുഴ കണ്ണോത്ത്മല ജീപ്പ് അപകടത്തിൽ മരിച്ചവർക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പൊതു ദർശനത്തിന് ശേഷം ഒമ്പത് പേരുടെയും മൃതദേഹം സംസ്‌കരിച്ചു. മന്ത്രി എ.കെ ശശീന്ദ്രൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ അടക്കമുള്ളവർ അന്തിമോപചാരമർപ്പിച്ചു.
പോസ്റ്റ് മോർട്ടത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം മക്കിമലയിൽ പൊതുദർശനത്തിന് എത്തിച്ചത്. മന്ത്രി എ.കെ ശശീന്ദ്രൻ അന്തിമോപചാരമർപ്പിച്ചു. എം.എൽ.എമ്മാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു. മക്കിമല എൽ.പി സ്‌കൂളിൽ പ്രിയപ്പെട്ടവർക്ക് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്.
ഒരു വീട്ടിലെ രണ്ടു പേരുൾപ്പടെ ഒമ്പത് പേരാണ് ഇന്നലെ ഉണ്ടായ ജീപ്പ് അപകടതിൽ മരിച്ചത്. മക്കിമല ആറാം നമ്പർ കോളനിയിലെ പത്മനാഭന്റെ ഭാര്യ ശാന്ത, മകൾ ചിത്ര, ഇതെ നാട്ടുകാരായ ലീല, ശോഭന, റാബിയ, കാർത്യായനി, ഷജ, ചിത്ര, ചിന്നമ്മ, റാണി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അഞ്ചു പേർ ഇപ്പോൾ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടു. കൽപ്പറ്റയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.