ഏകദിനത്തില്‍ 200 വിക്കറ്റുകള്‍ തികച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ് ജഡേജ ഈ നേട്ടത്തിലെത്തിയത്. ഏകദിനത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും ജഡേജ സ്വന്തമാക്കി.
ഹര്‍ഭജനും കുംബ്ലെയ്ക്കും ശേഷം 200 വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ സ്പിന്നര്‍ കൂടിയാണ് ജഡേജ. മാത്രമല്ല കപില്‍ ദേവിന് ശേഷം ഏകദിനത്തില്‍ 2000 റണ്‍സും 200 വിക്കറ്റും തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും ജഡേജ സ്വന്തമാക്കി.
തന്റെ 175-ാം ഏകദിന ഇന്നിങ്സിലാണ് ജഡേജ 200 വിക്കറ്റുകള്‍ എന്ന നാഴികക്കല്ലിലെത്തുന്നത്. ബംഗ്ലാദേശ് താരം ഷമിം ഹുസൈനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് ജഡേജ തന്റെ 200-ാം വിക്കറ്റ് സ്വന്തമാക്കിയത്.
അനില്‍ കുംബ്ലെ (334), ജവഗല്‍ ശ്രീനാഥ് (315), അജിത് അഗാര്‍ക്കര്‍ (288), സഹീര്‍ ഖാന്‍ (269), ഹര്‍ഭജന്‍ സിങ് (265), കപില്‍ ദേവ് (253) എന്നിവരാണ് ഏകദിനത്തില്‍ 200 വിക്കറ്റ് തികച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.