സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര നീക്കം നടക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കരുവന്നൂരിൽ പാർട്ടിക്ക് ബന്ധമുണ്ടെന്ന് വരുത്താനായി ഇഡി ശ്രമം നടത്തുന്നു. അമിത് ഷാ തന്നെ ഇതിനായി രംഗത്തുണ്ട്. ഉത്തരേന്ത്യൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തുകയാണ്. സിപിഐഎം സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായ എ.സി.മൊയ്തീനെതിരെ തെളിവുണ്ടാക്കാൻ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചവരെ ഭീഷണിപ്പെടുത്തുകയും മൊയ്തീന്റെ പേര് പറയാൻ കൌൺസിലർമാരെ മർദ്ദിക്കുകയുമാണ്. മകളുടെ വിവാഹം പോലും നടക്കില്ലെന്ന് അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തി. സഹകാരികൾ ഇതുമായി ബന്ധപ്പെട്ട് ശക്തമായ ബഹുജന പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂരിൽ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി അന്വേഷണം നടത്തിയിട്ടുള്ളതാണ്. അതിന് ശേഷം ഇഡി. മൊയ്തീന്‍റെ വീട് റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയുമുണ്ടായി. ഒരു തെളിവും അവര്‍ക്ക് മുന്നോട്ട് വെക്കാനുണ്ടായിരുന്നില്ല. തെളിവുണ്ടാക്കാനായി ചില ആളുകളെ ചോദ്യംചെയ്യാന്‍ പുറപ്പെട്ടു. അതിന്റെ ഭാഗമായി ചില ആളുകളോട് മൊയ്തീന്റെ പേര് പറയാൻ ഭീഷണിപ്പെടുത്തി.
കേരളത്തിലെ ജനങ്ങൾക്കെതിരായ യുദ്ധമാണ് നടക്കുന്നത്. കടമെടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കുകയാണ്. എൽഡിഎഫ് സർക്കാരിനെതിരായ കള്ളപ്രചാര വേലയാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.