കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻമന്ത്രിയും സി.പി.ഐ.എം. നേതാവുമായ എ.സി. മൊയ്തീന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഇ.ഡി.യുടെ കൊച്ചി ഓഫീസിൽ തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിർദേശം. കേസിൽ ഇന്നലെ പ്രതികളായ ബിജു കരിമീനെയും പിപി കിരണിനെയും അനിൽ സേട്ടിനെയും ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.
ഇന്ന് ഹാജരാകാൻ ഇ.ഡി. നിർദേശിച്ചിരുന്നെങ്കിലും മൊയ്തീൻ അസൗകര്യം അറിയിക്കുകയായിരുന്നു. പത്ത് വർഷത്തെ ആദായ നികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കാൻ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുടർച്ചയായ അവധി കാരണം രേഖകൾ സംഘടിപ്പിക്കാൻ പ്രയാസമുണ്ടെന്നും, ഇവ ലഭിച്ച ശേഷം മറ്റൊരു തീയതിയിൽ ഹാജരാകാമെന്നും ഇ മെയിൽ വഴി മൊയ്തീൻ ഇ.ഡി.യെ അറിയിക്കുകയായിരുന്നു.
ഈ മാസം 22-ന് എ.സി.മൊയ്തീന്റെ തൃശ്ശൂരിലെ വീട്ടിൽ ഇ.ഡി. 23 മണിക്കൂർ നീണ്ട റെയ്ഡ് നടത്തിയിരുന്നു. എസി മൊയ്തീന്റെ ഭാര്യയുടേയും മകളുടേയും പേരിലുള്ള അക്കൗണ്ടുകൾ ഇഡി പരിശോധിച്ചിരുന്നു. ഇതേത്തുടർന്ന് 15 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്ന് ഇഡി അറിയിച്ചിരുന്നു. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി വ്യക്തമാക്കി.