തൃശൂർ കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ഇഡി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള നാല് പ്രതികൾക്കെതിരെ ബുധനാഴ്ച കുറ്റപത്രം സമർപ്പിക്കും. പി.സതീഷ്കുമാർ, പി.പി.കിരൺ, പി.ആർ.അരവിന്ദാക്ഷൻ, സി.കെ.ജിൽസ് എന്നിവരാണ് നാല് പ്രതികൾ. കുറ്റപത്രത്തിന്റെ കരട് തയ്യാറായി. കരട് നിയമ വിദഗ്‍ധർ പരിശോധിക്കുകയാണ്.
വടക്കാഞ്ചേരി മുൻസിപ്പൽ കൗൺസിലർ പിആർ അരവിന്ദാക്ഷന്റെയും, മുൻ സീനിയർ അക്കൗണ്ടൻ്റ് സികെ ജിൽസിന്റെയും ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കുകയാണ്. നേരത്തെ ജാമ്യാപേക്ഷയിൽ കോടതിയിൽ വിശദമായ വാദം നടന്നിരുന്നു. അരവിന്ദാക്ഷന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന കോൾ റെക്കോർഡ് കോടതിയിൽ കേൾപ്പിക്കാനുള്ള ശ്രമവും പ്രോസിക്യൂഷൻ തടഞ്ഞിരുന്നു. കോടതിയിൽ നൽകുന്ന കുറ്റപത്രത്തിനൊപ്പം ഈ ശബ്ദരേഖകളും കൈമാറുന്നുണ്ട്. കുറ്റപത്രം സമർപ്പിച്ച ശേഷം ഉന്നത രാഷ്‌ട്രീയ നേതാക്കൾക്കെതിരെ തുടരന്വേഷണം നടത്താനാണ് ഇഡിയ്‌ക്ക് ലഭിച്ച നിയമോപദേശം.