കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മുപ്പത് പേര്‍ ആണ് ചികിത്സയില്‍ ഉള്ളത്. പതിനെട്ട് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ട്. ആറ് പേര്‍ ഗുരുതരാവസ്ഥയില്‍. നടന്നത് ബോംബാക്രമണം ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി.
കളമശ്ശേരി മെഡിക്കല്‍ കൊളേജിന് സമീപത്തെ സമാറ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആണ് സ്‌ഫോടനം ഉണ്ടായത്. ഇന്ത്യന്‍ സമയം 9.45-ന് ആണ് സംഭവം. ഒന്നിലധികം തവണ സ്‌ഫോടനം ഉണ്ടായി. 2400-ല്‍ അധികം പേര്‍ സ്‌ഫോടനം നടക്കുന്ന സമയം കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നു.23 പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഹാളിന് നടുഭാഗത്താണ് സ്‌ഫോടനം ഉണ്ടായതെന്നും മൂന്ന് തവണ പൊട്ടിത്തെറി ശബ്ദം കേട്ടെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. കളമശ്ശേരിയില്‍ ഉണ്ടായത് ബോംബ് സ്‌ഫോടനം ആണെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് സ്ഥിരീകരിച്ചു. ഐ.ഇ.ഡി വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നും ഡിജിപി അറിയിച്ചു. ആസൂത്രിതമായ ആക്രമണാണ് നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.
വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സ്‌ഫോടനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് വിവരങ്ങള്‍ തേടി.ടിഫിന്‍ ബോക്‌സില്‍ വെച്ച ബോംബാണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനം സംബന്ധിച്ച അന്വേഷമം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കും. എന്‍.ഐ.എയുടെ അഞ്ചംഗ സംഘം കൊച്ചിയില്‍ എത്തും. സ്‌ഫോടനത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പട്രോളിംഗ് ശക്തിപ്പെടുത്താനും നിര്‍ദ്ദേശം ഉണ്ട്