കളമശ്ശേരിയിലെ സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള നാലുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നാലുപേരും വെന്റിലേറ്ററിലാണ്. ഇതിൽ രണ്ടുപേര്‍ ഇന്നലെ മരിച്ച കുട്ടിയുടെ അമ്മയും സഹോദരനുമാണ്. സഹോദരന് 60 ശതമാനവും മാതാവിന് 50 ശതമാനവും പൊള്ളലേറ്റതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പരുക്കേറ്റ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത് 17 പേരാണ്.
സ്‌ഫോടനത്തില്‍ മരിച്ച മൂന്നുപേരുടെയും മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായശേഷം ഒരുമിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യും. സംഭവ സ്ഥലത്ത് കൊല്ലപ്പെട്ട സ്ത്രീക്ക് തിരിച്ചറിയാനാകാത്ത വിധം പൊള്ളലേറ്റിരുന്നു. അതിനാൽ ഇവരുടെ ബന്ധുവിന്റെ ഡിഎന്‍എ പരിശോധിക്കുമെന്നും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നാലുപേരും ആംസ്റ്ററില്‍ രണ്ടുപേരും സണ്‍റൈസിലും മെഡിക്കല്‍ സെന്ററിലുമായി ആകെ 17 പേരുമാണ് ചികിത്സയിലുള്ളത്. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികില്‍സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, കോട്ടയം, തൃശൂര്‍, കളമശേരി മെഡിക്കല്‍ കോളജുകള്‍, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡെന്നും മന്ത്രി അറിയിച്ചു.