കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ നാല് യുവാക്കളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ചിറ്റൂർ മന്തക്കാട് പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. നാലുപേരുടെ മൃതദേഹങ്ങളും ഒരുമിച്ചാണ് സംസ്കരിച്ചത്. നെടുങ്ങോട് സ്വദേശികളായ അനിൽ, വിഘ്നേഷ്, രാഹുൽ , സുധീഷ് എന്നിവർ കശ്മീരിലെ സോജില പാസ്സിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.
മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ച ചിറ്റൂര്‍ ടെക്‌നിക്കല്‍ സ്‌കൂളില്‍ അവരെ കാണാൻ ആയിരങ്ങളാണ് എത്തിയത്. രാവിലെ എട്ടുമണിവരെ പൊതുദർശനത്തിന് വെച്ചു. പിന്നീട് അവരവരുടെ വീടുകളിലെത്തിച്ച മൃതദേഹങ്ങൾ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷം ചിറ്റൂർ മന്തക്കാട് പൊതുശ്മശാനത്തിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു.
ഇന്ന് പൂലർച്ചെ മൂന്ന് മണിക്കാണ് നാല് പേരുടെയും മൃതദേഹങ്ങൾ മുംബൈ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. സി പി ഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ എറ്റുവാങ്ങി. സംഘത്തിലുണ്ടായിരുന്ന മറ്റ് ആറ് പേരും വിമാന മാർഗ്ഗം നാട്ടിലെത്തിയിരുന്നു. കൊച്ചിയിൽ പ്രത്യേക വിമാനത്തിൽ എത്തിച്ച മൃതദേഹങ്ങൾ പിന്നീട് ആംബുലൻസ് മാർഗം സ്വദേശമായ ചിറ്റൂരിലെത്തിക്കുകയായിരുന്നു.
വിനോദ സഞ്ചാരം കഴിഞ്ഞ് മടങ്ങവേ സോജില ചുരത്തിൽ വച്ച് സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചത്. പോസ്റ്റുമോർട്ടം നടപടികൾ അടക്കം വേഗത്തിലാക്കി മൃതദേഹം വിമാന മാർഗം നാട്ടിൽ എത്തിക്കാനുള്ള നീക്കങ്ങൾ ഏകോപിപ്പിച്ചത് ഡല്‍ഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിൻ്റെ നേതൃത്വത്തിലായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കുള്ള മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.