കൊല്ലം ഓയൂരിൽ കാണാതായ ആറ് വയസുകാരി അബിഗേൽ സാറക്കായി തിരഞ്ഞ് കേരളം. കുട്ടിയെ കാണാതായി 18 മണിക്കൂർ പിന്നിട്ടു. പ്രതികളിൽ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ്. ഇവിടെ എത്തി ഫോൺ ചെയ്തയാളുടെ രേഖാചിത്രമാണ് പുറത്തുവിട്ടത്.
ഓട്ടോയിൽ വന്ന 2 അംഗ സംഘം തന്റെ ഫോൺ വാങ്ങി വിളിച്ചുവെന്നാണ് വ്യാപാരിയുടെ മൊഴി. ഓട്ടോയിൽ വന്നത് 2 പേരെന്ന് കട ഉടമ പറയുന്നു. സാധനങ്ങൾ വാങ്ങിയ അവർ ഓട്ടോയിൽ തന്നെ മടങ്ങി. 7 മണിയോടെ ആണ് രണ്ട് പേരും എത്തിയത്. വന്നവർ ബിസ്ക്കറ്റും റസ്കുമാണ് വാങ്ങിയതെന്നും വ്യാപാരി പറയുന്നു. അത്യാവശ്യമായി ഒരു കോൾ ചെയ്യാനെന്ന് പറഞ്ഞാണ് ഫോൺ വാങ്ങിയതെന്നും ഇവർ പറയുന്നു.
ഇന്നലെ വൈകീട്ട് നാലരക്കാണ് സഹോദരനൊപ്പം ട്യൂഷന് പോകും വഴി അബിഗേൽ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. സംഭവം പുറത്ത് അറിഞ്ഞപ്പോൾ മുതൽ കൊല്ലം ജില്ലയുടെ വിവിധഭാഗങ്ങളിൽ അന്വേഷണം നടക്കുകയാണ്. അതിനിടെയാണ് ഇന്നലെ രാത്രി കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ഒരു കോൾ വന്നത്. കുട്ടിയെ വിട്ടുകിട്ടാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് ആയിരുന്നു കോൾ.
അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തും പൊലീസ് പരിശോധന നടത്തി. ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്‍ററിലാണ് പൊലീസ് പരിശോധന നടത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേരെ കസ്റ്റിയിലെടുത്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.