കാനഡയിൽ ഖാലിസ്ഥാൻവാദി സംഘത്തിന്റെ നേതാവ് കൊല്ലപ്പെട്ടു. സുഖ ദുൻകെ എന്നറിയപ്പെടുന്ന സുഖ്ബൂൽ സിങ് ആണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെയാണ് മരണമെന്നാണ് വിവരം. ഇന്ത്യയിൽ പല കേസുകളിലും ഉൾപ്പെട്ട വ്യക്തിയാണ് ഇയാൾ. എന്‍ഐഎയുടെ പട്ടികയിലുള്ള പിടികിട്ടാപ്പുള്ളിയായ കുറ്റവാളിയാണ് കൊല്ലപ്പെട്ടത്.
സുഖ ദുന്‍കെയുടെ മരണത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. ഇന്നു രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വ്യാജരേഖകള്‍ ഉണ്ടാക്കി ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് കടന്ന നേതാവാണ് സുഖ ദുന്‍കെ. കാനഡയിലേക്ക് കടന്ന ഖാലിസ്ഥാൻ ഭീകരവാദികളെ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യ നൽകിയ പട്ടികയിലും ഇയാളുടെ പേരുണ്ട്.
ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന് പിന്നാലെയാണ് രണ്ടാമതൊരു കൊലപാതവും കാനഡയിലുണ്ടാകുന്നത്. നിജ്ജാറുടെ കൊലപാതകം രണ്ട് മാഫിയ ഗ്യാങ്ങുകൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നത്. എന്നാൽ നിജ്ജാറുടെ കൊലപാതകത്തിന് ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്ററിൻ ട്രൂഡോയുടെ ആരോപണം. ഇതെ തുടർന്നാണ് കാനഡ- ഇന്ത്യ ബന്ധം വഷളായത്.