കണ്ണുകള്‍ക്ക് താഴെയുള്ള കറുപ്പ്. എത്രയൊക്കെ ശ്രമിച്ചിട്ടും പരിഹാരം കിട്ടുന്നേയില്ല. പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. ഇതിനു കാരണം പലതാകാം. അമിതമായ ക്ഷീണവും ഉറക്കമില്ലായ്മയും മാനസിക സമ്മര്‍ദ്ദങ്ങളുമെല്ലാം കാരണങ്ങളുടെ പട്ടികയില്‍ പെടുന്നു. പലതരം മരുന്നുകള്‍ കഴിച്ചിട്ടും മാറ്റമില്ലാതെ തുടരുന്ന കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ വീട്ടില്‍ തന്നെയുണ്ട് ഒരു കുറുക്കു വഴി. കാപ്പിയുടെ മട്ട്. കാപ്പി ഉപയോഗിച്ച ശേഷം അതിന്റെ മട്ട് അല്ലെങ്കില്‍ ബാക്കിയാവുന്ന കാപ്പിപ്പൊടി എല്ലാവരും കളയുകയാണ് പതിവ്. എന്നാലിത് നല്ലൊരു അണ്ടര്‍ ഐ മാസ്‌കാണ്.
ഉപയോഗിച്ച കാപ്പിപ്പൊടി കൊണ്ടുള്ള ഈ അണ്ടര്‍ ഐ മാസ്‌ക് കണ്ണുകളിലെ വീക്കം, ചുവപ്പ് എന്നിവ കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ ചര്‍മസംരക്ഷണ ദിനചര്യയില്‍ കഫീന്‍ ഉള്‍പ്പെടുത്തുന്നത് യുവത്വവും ഊര്‍ജ്വസ്വലതയും തോന്നിപ്പിക്കാനും സഹായിക്കും.
കോഫി അണ്ടര്‍ ഐ മാസ്‌ക് എങ്ങനെ ഉണ്ടാക്കാം?
വേണ്ട സാധനങ്ങൾ
കോഫി മട്ട്
ചെറുചൂടുവെള്ളം
ഐസ്ക്യൂബ്
തയ്യാറാക്കുന്ന വിധം
രണ്ട് ടേബിള്‍സ്പൂണ്‍ കോഫി മട്ട് ചെറുചൂടുള്ള വെള്ളത്തില്‍ ലയിപ്പിക്കുക. അത് നന്നായി ഇളക്കിയതിന് ശേഷം ഐസ് ക്യൂബുകള്‍ ഉപയോഗിച്ച് ഈ കോഫി മിക്‌സ് തണുപ്പിക്കാം. അതിനു ശേഷം രണ്ട് കോട്ടണ്‍ പാഡുകള്‍ കോഫി ലായനിയില്‍ കുറച്ചു നേരം മുക്കി വെക്കുക. പിന്നീട് കണ്ണുകള്‍ക്ക് താഴെ ഈ കോട്ടണ്‍ പാഡ് വെച്ച് തണുപ്പിക്കുക. പൂര്‍ണമായും ഉണങ്ങുന്നതു വരെ കോട്ടണ്‍പാഡുകള്‍ കണ്ണുകള്‍ക്ക് താഴെ വെക്കുക.
രണ്ട് ദിവസം കൂടുമ്പോൾ ഇങ്ങനെ ചെയ്യുക. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, കണ്ണുകള്‍ക്ക് ചുറ്റുമുള്ള വീക്കവും കറുപ്പും കുറയ്ക്കാന്‍ സഹായിക്കുന്നു. ഈ മാസ്‌ക് ചുളിവുകള്‍ കുറയ്ക്കാനും ചര്‍മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കും.