കാറുകളുടെ അടിയില്‍ ഒളിച്ച് യുഎഇയിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് നുഴഞ്ഞുകയറ്റക്കാരെ ഷാര്‍ജയില്‍ പിടികൂടി. കാറുകളുടെ അടിയില്‍ നിര്‍മ്മിച്ച പ്രത്യേക അറയില്‍ ഒളിച്ചിരുന്നാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചത്. വാഹനങ്ങളുടെ ഡ്രൈവര്‍മാരേയും നുഴഞ്ഞുകയറ്റക്കാരേയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയെന്നും ഷാര്‍ജ കസ്റ്റംസ് അറിയിച്ചു.രണ്ട് എസ്.യു.വികളുടെ അടിഭാഗത്തുണ്ടാക്കിയ ഇടുങ്ങിയ അറയില്‍ ഒളിച്ചിരുന്നാണ് രണ്ടുപേര്‍ യുഎഇയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്.
അതിര്‍ത്തിചെക്ക് പെയിന്റില്‍ വാഹനം സ്‌കാന്‍ ചെയ്തപ്പോള്‍ ആണ് നുഴഞ്ഞുകയറ്റക്കാര്‍ വാഹനത്തിനടയില്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. വാഹനങ്ങളുടെ പിന്‍ഭാഗത്താണ് ചെറിയ അറകള്‍ നിര്‍മ്മിച്ചിരുന്നത്. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബമ്പര്‍ പൊളിച്ച് നുഴഞ്ഞുകയറ്റക്കാരെ പുറത്ത് എത്തിക്കുകയായിരുന്നു. ഇരുമ്പുകൊണ്ട് നിര്‍മ്മിച്ച ചെറിയ പെട്ടിയില്‍ തിരിയാന്‍പോലും അനങ്ങാന്‍ പോലും കഴിയാത്ത വിധത്തിലായിരുന്നു നുഴഞ്ഞുകയറ്റക്കാര്‍ കിടന്നിരുന്നത്.ഷാര്‍ജ കസ്റ്റംസിന്റെ അത്യാധുനിക എക്‌സ്‌റേ സ്‌കാനറുകളില്‍ ആണ് നുഴഞ്ഞുകയറ്റക്കാര്‍ പതിഞ്ഞത്. ഏത് അതിര്‍ത്തി ചെക്ക് പോയിന്റില്‍ ആണ് നുഴഞ്ഞുകയറ്റക്കാര്‍ പിടിയിലായതെന്ന് കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല.