തട്ടിപ്പ് കേസുകളില്‍ പ്രതിയായ അഖില്‍ സജീവ് കിഫ്ബിയുടെ പേരിലും തട്ടിപ്പ് നടത്തിയത്തായി വിവരം. ഈ തട്ടിപ്പിന്റെ വിവരങ്ങള്‍ അടങ്ങിയ എഫ്‌ഐആര്‍ പുറത്തുവന്നു. കിഫ്ബി ഓഫീസില്‍ അക്കൗണ്ടന്റായി ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പത്ത് ലക്ഷം രൂപയാണ് ഇതിനായി ആവശ്യപ്പെട്ടത്.
പത്തനംതിട്ട സിഐടിയു ഓഫീസില്‍ വെച്ച് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് ഒരു ലക്ഷം രൂപ കൈപറ്റി. പിന്നീട് പരാതിക്കാരിയുടെ വീട്ടിലെത്തി മൂന്ന് ലക്ഷം രൂപയും വാങ്ങി. പത്തനംതിട്ട വലിയകുളം സ്വദേശിനിയുടെ പരാതിയില്‍ റാന്നി പൊലീസാണ് കേസെടുത്തത്. പരാതിക്കാരിയുടെ മകള്‍ക്ക് അക്കൗണ്ടന്‍റായി ജോലി വാദ്ഗാനം ചെയ്തായിരുന്നു തട്ടിപ്പ്. കിഫ്ബിയുടെ പേരിലുള്ള നിയമന ഉത്തരവ് എന്ന രീതിയിൽ പേപ്പറും കൈമാറി. എന്നാൽ കിഫ്ബിയുടെ തിരുവനന്തപുരം ഓഫീസിലെത്തിയ യുവതിയെ ചില പേപ്പറുകളില്‍ ഒപ്പിടുവിച്ചു തിരിച്ചു വിട്ടു. പിന്നീട് ജോലിയെ പറ്റി വിവരവും ലഭിക്കാതെ വന്നതോടെയാണ് കബളിക്കപ്പെട്ടുവെന്ന് മനസ്സിലായതെന്ന് എഫ്‌ഐആറില്‍ പറയുന്നു.
2020 മുതല്‍ 2022 വരെ പലഘട്ടങ്ങളിൽ അഖില്‍ സജീവ് സിഐടിയു പത്തനംതിട്ട ഓഫീസില്‍ സെക്രട്ടറിയായിരിക്കെയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിന് ഇടനിലക്കാരനായി നിന്നത് യുവമോര്‍ച്ച റാന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റായ സി ആര്‍ രാജേഷാണ്. അഖില്‍ സജീവും രാജേഷുമാണ് ഈ കേസിലെ പ്രതികള്‍.