Wednesday, January 22, 2025
HomeNewsCrimeകുറ്റങ്ങൾ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ല; ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ കോടതി വെറുതെ വിട്ടു

കുറ്റങ്ങൾ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ല; ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ കോടതി വെറുതെ വിട്ടു

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. പ്രതിക്ക് വധശിക്ഷ നൽണമെന്നാണ് കുട്ടിയുടെ അച്ഛൻ നേരത്തെ ആവശ്യപ്പെട്ടിരുന്നത്.

2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പ്രതി പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനൻ പോലീസ് പിടിയിലായത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

പ്രതി മൂന്നു വയസു മുതൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കള്‍ പണിക്കു പോകുന്ന സമയത്താണ് പീഡിപ്പിച്ചിരുന്നത്. 2021 സെപ്റ്റംബർ 21 ന് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം മെയിൽ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രണ്ടു പേരും എസ് സി വിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇതനുവദിച്ചില്ല.

കേസിൽ 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചു. അനാവശ്യ പരാതികൾ നൽകി വിചാരണ പരമാവധി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് പ്രതിഭാഗം കോടതിയിൽ നടത്തിയത്. കഴുത്തിൽ ഷാൾ കുരുങ്ങിയാണ് പെൺകുട്ടി മരിച്ചതെന്ന് വരുത്തിത്തീർക്കാൻ പരമാവധി ശ്രമം പ്രതിഭാഗം നടത്തിയിട്ടുണ്ട്. വിചാരണക്കിടെ പുതിയ ജഡ്ജി ചർജ്ജെടുത്തും വിധി പ്രസ്താവം വൈകിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments