കുവൈത്ത് സിറ്റി: ഒരു നിശ്ചിത തുക നല്‍കുന്ന സാമൂഹിക ഇന്‍ഷുറന്‍സ് സംവിധാനത്തിന് സമാനമായാണ് ക്ഷേമനിധി രൂപീകരിക്കുക. തൊഴിലാളികളുടെ സമ്പത്തിക അവകാശങ്ങള്‍ വിതരണം ചെയ്യുന്ന ക്ഷേമനിധി രൂപീകരിക്കാനാണ് പദ്ധതി. സേവനാനന്തര ആനുകൂല്യങ്ങള്‍ ഉറപ്പ് വരുത്താന്‍ തൊഴിലാളികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷനുമായി ഏകോപിപ്പിച്ചു കൊണ്ട് ഒരു പ്രത്യേക ക്ഷേമനിധി രൂപീകരിക്കുവാന്‍ മാനവ ശേഷി സമിതി തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. മാനവ ശേഷി സമിതി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുമ്പ് ചില ജി സി സി രാജ്യങ്ങളില്‍ ഈ സംവിധാനം നടപ്പിലാക്കിയിരുന്നു. ഈ രാജ്യങ്ങളിലെ ക്ഷേമനിദിയുടെ പ്രവര്‍ത്തനം സമിതിയുടെ നേതൃത്വത്തില്‍ നിരീക്ഷിച്ചു വരികയാണ്. പദ്ധതി നടപ്പിലാക്കിയാല്‍ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെയും കുടിശ്ശികകള്‍ ഈ സംവിധാനം വഴി വിതരണം ചെയ്യുവാന്‍ സാധിക്കും. തൊഴിലുടമയാണ് തൊഴിലാളിയുടെ പേരില്‍ ഫീസ് അടയ്‌ക്കേണ്ടതെന്നും മാനവ ശേഷി സമിതി അധികൃതര്‍ വ്യക്തമാക്കിട്ടുണ്ട്.