കുവൈത്തില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ സ്‌കില്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നു. തൊഴില്‍ മേഖലയില്‍ മികവ് പുലര്‍ത്താന്‍ കഴിയുന്നവരെ മാത്രം നിയമിക്കുന്നതിനാണ് പദ്ധതിയെന്ന് പബ്ലിക് അഥോറിട്ടി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. നിയമം തിരിച്ചടിയാകുമേ എന്ന ആശങ്കയിലാണ് മലയാളി ഉള്‍പ്പെടെയുള്ള പ്രവാസികള്‍.
വര്‍ക്ക് പെര്‍മിറ്റ് അനുവതിക്കുന്നതിനു മുമ്പായി ജോലിയില്‍ വൈദഗ്ധ്യം തെളിയിക്കുന്നതിനായി പരിശോധന നടത്തുന്നതിനാണ് തീരുമാനം. പബ്ലിക് അഥോറിട്ടി ഫോര്‍ അപ്ലൈഡ് എജ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
പുതിയ വീസ അപേക്ഷകരും നിലവിലുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുമ്പോഴും ടെസ്റ്റിന് ഹാജരാകണമെന്ന് കുവൈത്ത് പബ്ലിക് അഥോറിട്ടി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ജോലി മേഖലയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് മാത്രമായിരിക്കും നിയമനം നിയമനം ലഭിക്കുക. തൊഴില്‍ വിപണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. പരിശോധനയില്‍ പരാജയപ്പെട്ടാല്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കില്ല.
നിലവില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ജോലി നഷ്ടമാകും. ഇവര്‍ തിരിച്ചു പോകുകയോ മറ്റ് ജോലി കണ്ടെത്തുകയോ ചെയ്യേണ്ടി വരും. അതേസമയം പുതിയ നിയമം തിരിച്ചടിയാകുമോ എന്ന് ആശങ്കയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍. കുവൈത്തില്‍ വിവിധ മേഖലകളിലായി ലക്ഷക്കണക്കിന് മലയാളികളാണ് തൊഴില്‍ ചെയ്യുന്നത്. തൊഴില്‍ നിയമങ്ങളില്‍ വരുത്തുന്ന മാറ്റം എങ്ങനെ പ്രതിഫലിക്കും എന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.