അനധികൃത സ്വത്ത് സമ്പാദന കേസിനെ തുടർന്ന് വിജിലൻസ് പിടിച്ചെടുത്ത പണം മുസ്‌ലീം ലീഗ് നേതാവ് കെ എം ഷാജിക്ക് തിരിച്ച് നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. 47 ലക്ഷം രൂപ വിട്ടുനൽകണമെന്നാണ് കോടതി നിർദ്ദേശം. വിജിലൻസ് പിടിച്ചെടുത്ത പണം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. അനധികൃത സ്വത്ത് സമ്പാദനകേസിലെ റെയ്ഡിനിടയിൽ വിജിലൻസ് അനധികൃതമായി പണം പിടിച്ചെടുത്തെന്നാണ് കെ എം ഷാജി സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നത്.
കഴിഞ്ഞ വർഷം കണ്ണൂർ അഴീക്കോട്ടെ ഷാജിയുടെ വീട്ടിൽ നിന്നാണ് വിജിലൻസ് പണം പിടിച്ചെടുത്തത്. സിപിഐഎം പ്രവർത്തകന്റെ പരാതിയിലാണ് ഷാജിക്കെതിരെ വിജിലൻസ് അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പിടിച്ചെടുത്ത പണം അനധികൃതമായി സമ്പാദിച്ചതാണെന്നാണ് വിജിലൻസിന്റെ വാദം. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിരിച്ച പണമാണ് ഇതെന്നായിരുന്നു ഷാജി പറഞ്ഞിരുന്നത്.
ഷാജിക്കെതിരായ കേസിന്റെ തുടർ നടപടികൾ പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ പാശ്ചാത്തലത്തിൽ ആണ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി ഹർജി നൽകിയത്. ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. ബാങ്ക് ഗാരണ്ടി വെച്ചുകൊണ്ട് പണം തിരിച്ചുകൊടുക്കാനാണ് കോടതി നിർദ്ദേശം.