Monday, September 16, 2024
HomeNewsKeralaകേന്ദ്രത്തെ പുകഴ്ത്തി, സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഗവർണറുടെ റിപബ്ലിക് ദിന പ്രസംഗം

കേന്ദ്രത്തെ പുകഴ്ത്തി, സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഗവർണറുടെ റിപബ്ലിക് ദിന പ്രസംഗം

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ആണ് ഗവർണർ റിപ്പബ്ലിക്ദിന പ്രസംഗം നടത്തിയത്. സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ, അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യം. വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഗവർണർ പറഞ്ഞു. നരേന്ദ്രമോദി സർക്കാരിൻ്റെ പല പദ്ധതികളും അവകാശവാദങ്ങളും എടുത്ത് പറഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം.

75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു ഗവർണർ. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വരികൾ ഉദ്ധരിച്ച് മലയാളത്തിലാണ് ഗവർണർ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ സൂപ്പർ പവർ ആക്കാനുള്ള പരിശ്രമത്തിലാണ്. ജി20 അധ്യക്ഷത രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പദവി ഉയർത്തി. മേക്ക് ഇൻ ഇന്ത്യയിലൂടെ വന്ദേ ഭാരതും, കൊച്ചി വാട്ടർ മെട്രോയും യാഥാർത്ഥ്യമായി. വികസിത് സങ്കൽപ് യാത്ര കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

13.5 കോടി ജനങ്ങളെ ദാരിദ്രത്തിൽനിന്ന് മുക്തരായി. പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം 78 ലക്ഷം വീടുകൾ നിർമിച്ചു. ഇതിൽ മൂന്നരലക്ഷം വീടുകൾ കേരളത്തിൽ പി.എം.എ.വൈ. ലൈഫ് മിഷൻ പ്രകാരം നിർമിച്ചവയും ഉൾപ്പെടുന്നു. ആരോഗ്യ- ടൂറിസം രംഗത്തെ അംഗീകരങ്ങൾ കേരളത്തിന് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ സംവരണ ബിൽ പാസാക്കിയതും സാമ്പത്തിക- സാങ്കേതിക രംഗത്ത് കേന്ദ്രസർക്കാർ നേട്ടങ്ങളായി അവതരിപ്പിക്കുന്ന പദ്ധതികളും ഗവർണർ എടുത്തു പറഞ്ഞു.

വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. എന്നാൽ വിയോജിപ്പ് ശാരീരികമോ വാക്കാലുള്ളതോ ആയ അക്രമത്തിലേക്ക് അധഃപതിക്കുന്നത് ജനാധിപത്യത്തോടുള്ള വഞ്ചനയും മനുഷിക പരാജയത്തിന്റെ പ്രതീകവുമാണ്. അധികാരത്തിനുവേണ്ടിയുള്ള ആഭ്യന്തരകലഹങ്ങളും സംഘം തിരിഞ്ഞുള്ള ഏറ്റുമുട്ടലും ഭരണനിർവഹണത്തെ ബാധിക്കും. അതുവഴി യുവാക്കൾക്ക് മോശം മാതൃക സൃഷ്ടിക്കരുത്. ആളുകൾ യാഥാർഥ്യത്തിന്റെ ഒരൊറ്റ വ്യാഖ്യാനത്തിൽ ഒതുങ്ങരുതെന്ന ഇന്ത്യൻ വിശ്വാസത്തിനും ജനാധിപത്യത്തിനും എതിരായ അധികാരവാദമല്ല കാലത്തിന്റെ ആവശ്യം. വാദത്തിന്റെ ശക്തിയിൽ വിശ്വാസമർപ്പിക്കുന്ന മഹത്തായ നാഗരികതയുടേയും സഹാനുഭൂതിയുടേയും സംഭാഷണത്തിന്റേയും സംസ്കാര രൂപപ്പെടുത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments