കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ സ്മാര്‍ട്ടാകുന്നു. വിമാനത്താവളത്തില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ ആഗസ്റ്റ് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇന്ത്യയില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കുന്ന രണ്ടാമത്തെ വിമാനത്താവളമാണ് കൊച്ചിയിലേത്.
യാത്രാ നടപടിക്രമങ്ങള്‍ ഇരുപത് സെക്കന്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗേറ്റുകളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്ഥാപിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി. ഇന്റര്‍ാനാഷണല്‍ ടെര്‍മിനലില്‍ ഡിപാര്‍ച്ചര്‍, അറൈവല്‍ ഗേറ്റുകളാണ് സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഗേറ്റുകള്‍ പരീക്ഷണം ആരംഭിക്കും.
ആഗസ്റ്റില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാകും. ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പു ചുമതല. നിലവില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ഒ.സി.ഐ കാര്‍ഡുള്ളവര്‍ക്കുമാണ് സ്വയം ഇമിഗ്രേഷന് അനുമതി ലഭിച്ചിട്ടുള്ളത്. സ്മാര്‍ട്ട് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ ഒറ്റത്തവണ റജിസ്‌ട്രേഷന്‍ നടത്തണം. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ അപ്‌ലോഡ് ചെയ്ത ശേഷം ബയോമെട്രിക് രേഖപ്പെടുത്തണം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എന്റോള്‍മെന്റ് കൗണ്ടറുകള്‍ വിമാനത്താവളത്തിലെ എഫ്ആര്‍ആര്‍ഒ ഓഫീസിലും ഇമിഗ്രേഷന്‍ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്. റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയ്ക്കും ആഗമനപുറപ്പെടല്‍ ഇമിഗ്രേഷന്‍ നടപടികള്‍ക്കായി വരിയില്‍ നില്‍ക്കാതെ സ്മാര്‍ട്ട് ഗേറ്റുകളിലൂടെ കടന്നുപോകാം. ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകള്‍ പൂരിപ്പിക്കുന്നതിനോ കാത്തുനില്‍ക്കേണ്ടതില്ല. സ്മാര്‍ട്ട് ഗേറ്റിലെത്തിയാല്‍ ആദ്യം പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യണം. റജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഗേറ്റുകള്‍ താനേ തുറക്കും. തുടര്‍ന്ന് രണ്ടാം ഗേറ്റിലെ ക്യാമറയില്‍ മുഖം കാണിക്കണം. യന്ത്രം മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാകുകയും ചെയ്യും.
ഇന്ത്യയില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കുന്ന രണ്ടാമത്തെ വിമാനത്താവളമാണ് കൊച്ചിയിലേത്. ദില്ലി വിമാനത്താവളത്തില്‍ ജൂണില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ചിരുന്നു.