ആഗോളതാപനം വ്യവസാവത്കരണത്തിന് മുന്‍പുള്ള നിലവാരത്തിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭയുടെ കോപ്-28 ഉച്ചകോടിക്ക് ദുബൈയില്‍ തുടക്കം. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ലോസ് ആന്റ് ഡാമേജ് ഫണ്ടിന് ആദ്യദിനം തന്നെ ഉച്ചകോടി ഐക്യകണ്ഠന അംഗീകാരം നല്‍കി. ലോസ് ആന്റ് ഡാമേജ് ഫണ്ടിലേക്ക് നൂറ് ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് യുഎഇ പ്രഖ്യാപിച്ചു.
ദുബൈ എക്‌സ്‌പോ സിറ്റിയിലെ സമ്മേളനവേദിയില്‍ ഇസ്രയേല്‍-ഗാസയ യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് കോപ് 28 കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കമായത്. ഉദ്ഘാടന സെഷനില്‍ കോപ്-28 പ്രസിഡന്റായി യുഎഇയുടെ ഡോ.സുല്‍ത്താന്‍ അല്‍ ജാബറിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. തുടര്‍ന്ന് ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ഡോ.സുല്‍ത്താന്‍ അല്‍ ജാബര്‍ ഏറ്റെടുത്തു. പിന്നീട് നടന്ന പ്ലീനറി സമ്മേളനത്തില്‍ ആണ് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള നാശനഷ്ടങ്ങളെ നേരിടുന്നതിനുള്ള ലോസ് ആന്റ് ഡാമേജ് ഫണ്ട് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് അംഗീകാരം നല്‍കിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘതങ്ങളും ദുരന്തങ്ങളും നേരിടുന്ന ദുര്‍ബല രാജ്യങ്ങളെ സമ്പന്നരാഷ്ട്രങ്ങള്‍ സാമ്പത്തികമായി സഹായിക്കുന്നതിനുള്ളതാണ് ധാരണ. കാലാവസ്ഥാ ഉച്ചകോടിയുടെ ആദ്യ ദിനം തന്നെ ഇത്തരത്തില്‍ ഒരു ധാരണയില്‍ എത്തുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണെന്ഡോ.സുല്‍ത്താന്‍ അല്‍ ജാബര്‍ പറഞ്ഞു. ഒരു വര്‍ഷത്തോളം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ആണ് നഷ്ടപരിഹാര ഫണ്ടില്‍ സമവായത്തിലേക്ക് എത്താന്‍ കഴിഞ്ഞത്.
കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനുള്ള ലോസ് ആന്റ് ഡാമേജ് ഫണ്ടിലേക്ക് യുഎഇ നൂറ് ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. വരും ദിവസങ്ങള്‍ മറ്റ് രാജ്യങ്ങളും ലോസ് ആന്റ് ഡാമേജ് ഫണ്ടിലേക്കുള്ള തുക പ്രഖ്യാപിക്കും. കോപ്-28 ഉച്ചകോടിയുടെ മൂന്ന് സുപ്രധാന അജണ്ടകളില്‍ ഒന്നാണ് ലോസ് ആന്റ് ഡാമേജ് ഫണ്ട്. ആഗോളതാപനം വ്യവസായവത്കരണത്തിന് മുള്ള 1.5 ഡിഗ്രിസെല്‍ഷ്യസ് എന്ന നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. രാഷ്ട്രത്തലവന്‍മാര്‍ അടക്കം 180 രാജ്യങ്ങളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.