കോട്ടയം നഗരമധ്യത്തിൽ മുനിസിപ്പാലിറ്റിക്കു മുൻവശത്തുള്ള രാജധാനി ഹോട്ടലിൽനിന്ന് കോൺക്രീറ്റ് സൺഷേഡ് അടർന്നു തലയിൽ വീണ് യുവാവിന് ദാരുണാണാന്ത്യം.കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന മീനാക്ഷി ലോട്ടറീസിലെ ജീവനക്കാരനാണ് മരിച്ചത്.
ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെ.ജെ.എബ്രഹാമിന്‍റെ മകൻ ജിനോ കെ.എബ്രഹാം (46) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രി ലോട്ടറിക്കട അടച്ച് പോകാനൊരുങ്ങുമ്പോഴാണ് അപകടം. രാജധാനി ഹോട്ടലിന്‍റെ രണ്ടാംനിലയിലെ ജനലിനോട് ചേർന്ന് നിർമിച്ച കോൺക്രീറ്റ് സൺഷേഡാണ് അടർന്നു വീണത്. റോഡിൽ നിൽക്കുകയായിരുന്ന ജിനോയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
നാട്ടുകാർ ഉടൻതന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബസ് സ്‌റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സിലെ മറ്റ് കെട്ടിടങ്ങൾ ബലക്ഷയമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊളിച്ചുനീക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. ഷീജയാണ് ജിനോയുടെ ഭാര്യ. മക്കൾ: അഡോൺ, അർഷോ.