അബുദബി: കൊടുംചൂട് തുടരുന്ന യുഎഇയില്‍ ക്ലൗഡ് സീഡിങ്ങിലൂടെ മഴ വര്‍ദ്ധിക്കും. ഇതിനായി പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സെപ്റ്റംബര്‍ അവസാനം വരെ നീണ്ടു നില്‍ക്കുന്ന ദൗത്യത്തില്‍ നാല്‍പ്പത് മണിക്കൂര്‍ എന്‍സിഎം വിമാനങ്ങള്‍ ക്ലൗഡ് സീഡിങ് നടത്തും. മൂന്ന് പുതിയ രീതികളും ക്ലൗഡ് സീഡിങ്ങിനായി പരീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ക്ലൗഡ് സീഡിങ് ക്യാംപെയിന് തുടക്കമായതോടെ ഇനി വ്യാപക മഴയുണ്ടാകുമെന്നും അറിയിപ്പുണ്ട്. അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. ഉപ്പും പൊട്ടാസ്യവും മഗ്നീഷ്യവും സോളിഡ് കാര്‍ബണ്‍ഡയോക്‌സൈഡുമെല്ലാം കൂട്ടിക്കലര്‍ത്തി മേഘങ്ങളില്‍ വിതറിയാണ് മഴ പെയ്യിക്കുന്നത്. ഓരോ ദൗത്യത്തിനും രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ദൈര്‍ഘ്യമുണ്ടാകും. യുഎസ് ആസ്ഥാനമായ സ്ട്രാറ്റണ്‍ പാര്‍ക്കാണ് വിമാനം പ്രവര്‍ത്തിപ്പിക്കുന്നത്. യുഎഇ കാലാവസ്ഥ കേന്ദ്രത്തിന്റെ ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് 25,000 അടി ഉയരത്തില്‍ മേഘങ്ങളെ നിരീക്ഷിച്ച് പഠനം നടത്തിയാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്.