ഖത്തറില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ നാവികര്‍ക്ക് അപ്പീലിന് അറുപത് ദിവസം സമയം എന്ന് വിദേശകാര്യമന്ത്രാലയം. മുന്‍നാവികര്‍ക്ക് എതിരായ ഖത്തര്‍ കോടതിയുടെ ഉത്തരവ് ലഭിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.ഒരു മലയാളി അടക്കം എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ ഇളവ് ചെയ്ത ഖത്തര്‍ പരമോന്നത കോടതിയുടെ ഉത്തരവ് ലഭിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇക്കാര്യത്തില്‍ ഖത്തറില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ദീപ് ജെയ്‌സ്വാള്‍ അറിയിച്ചു. എന്നാല്‍ ഖത്തര്‍ കോടതി വിധിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ വിദേശകാര്യമന്താലയ വക്താവ് തയ്യാറായില്ല. ഡിസംബര്‍ ഇരുപത്തിയെട്ടിനാണ് അപ്പീല്‍ കോടതി വിധി പുറപ്പെടുവിച്ചത്. വധശിക്ഷ ജീവപര്യന്തമായി കുറച്ചെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും കോടതി വിധിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ കഴിയില്ലെന്നും രണ്‍ദീപ് ജെയ്‌സ്വാള്‍ പറഞ്ഞു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ഖത്തര്‍ പരമോന്നത കോടതി അറുപത് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും രണ്‍ദീപ് ജെയ്‌സ്വാള്‍ പറഞ്ഞു.