ദബൈ നഗരത്തിലെ ഗതാഗത തിരക്ക് കുറക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി സര്‍വ്വേ റിപ്പോര്‍ട്ട്. അനുയോജ്യമായ തൊഴില്‍ സമയവും വിദൂര ജോലിയും ഏര്‍പ്പെടുത്തുന്നതിനാണ് നിര്‍ദ്ദേശം. ആര്‍ടിഎയും, ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് വകുപ്പും ചേര്‍ന്ന് നടത്തിയ സര്‍വ്വേകളിലാണ് നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നത്.
എമിറേറ്റില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന ഗതാഗത തിരക്ക് കുറക്കുന്നതിന് മാര്‍ഗ്ഗം കണ്ടെത്തുന്നതിനാണ് സര്‍വ്വേ. ദുബൈ ആര്‍ടിഎയും ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് വകുപ്പും ചേര്‍ന്ന് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ട്രാഫിക് ഫ്‌ളോ പ്ലാനിന് അംഗീകാരം നല്‍കിയതോടെ മെയ് മാസത്തിലാണ് സര്‍വ്വേ ആരംഭിച്ചത്. സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിദൂര ജോലി ഏര്‍പ്പെടുത്തിയാല്‍ പ്രധാന സമയങ്ങളിലെ ഗതാഗത തിരക്ക് മുപ്പത് ശതമാനം വരെ കുറക്കാന്‍ കഴിയും.
ഷെയ്ഖ് സായിദ് റോഡ്, അല്‍ ഖൈല്‍ റോഡ് എന്നിവിടങ്ങളില്‍ ഗതാഗത തിരക്കില്‍ വലിയ കുറവുണ്ടാകുമെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. 644 കമ്പനികളെ ഉള്‍പ്പെടുത്തിയായിരുന്നു ആദ്യ സര്‍വ്വേ. 3,20,000 ല്‍ അധികം ജീവനക്കാരാണ് ഈ കമ്പനികളില്‍ ജോലി ചെയ്യുന്നത്. 12,000 ജീവനക്കാരെ ഉള്‍പ്പെടുത്തിയായിരുന്നു രണ്ടാമത്തെ സര്‍വ്വേ. 32 ശതമാനം കമ്പനികള്‍ നിലവില്‍ വിദൂര ജോലിയ്ക്ക് അവസരം നല്‍കുന്നുണ്ട്. 58 ശതമാനം കമ്പനികള്‍ വിദൂര ജോലി ഏര്‍പ്പെടുത്തുന്നതിന് സന്നദ്ദത അറിയിച്ചിട്ടുണ്ട്. 31 ശതമാനം കമ്പനികളാണ് ജീവനക്കാര്‍ക്ക് അനുയോജ്യമായ സമയം തെരഞ്ഞെടുത്ത് ജോലി ചെയ്യുന്നതിന് സന്നദ്ദത അറിയിച്ചിരിക്കുന്നത്. ചില കമ്പനികളില്‍ വര്‍ഷത്തില്‍ നിശ്ചിത ദിവസം ജീവനക്കാര്‍ക്ക് വിദൂര ജോലി ഏര്‍പ്പെടത്തുന്നതായും അധികൃതര്‍ അറിയിച്ചു.