ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് ആണ് സുരക്ഷ ഒരുക്കുക. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. Z പ്ലസ് കാറ്റഗറിയിലാവും സുരക്ഷ. ഇതോടെ കേരള പൊലീസ് സുരക്ഷ ഒഴിവാക്കി.
കൊല്ലത്തെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ബന്ധപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയുമായി നേരിട്ട് സംസാരിച്ച് സാഹചര്യം അറിയിച്ചിരുന്നു. പ്രതിഷേധത്തിന് പിന്നാലെ വാഹനത്തിൽനിന്നും റോഡിലിറങ്ങി പ്രവർത്തകരോടും പോലീസിനോടും കയർത്ത ഗവർണർ റോഡിൽ പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവർക്കെതിരെ കേസെടുക്കാതെ വാഹനത്തിൽ കയറില്ലെന്ന നിലപാടിൽ റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ച ഗവർണർ, പ്രതിഷേധക്കാർക്കെതിരേ കേസെടുത്ത് എഫ്ഐആർ രേഖകൾ കാണിച്ച ശേഷമാണ് മടങ്ങിയത്. പിന്നാലെയാണ് കേന്ദ്ര സേനയുടെ സുരക്ഷയൊരുക്കിയത്. 55 സുരക്ഷാ സൈനികരില്‍ പത്ത് എന്‍എസ്ജി കമാന്‍ഡോകള്‍ ഉണ്ടാവും. രാജ്ഭവനും സമാന സുരക്ഷ ഏര്‍പ്പെടുത്തും.