ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 330 മരണം.മരിച്ചവരില്‍ അന്‍പത് പേര്‍ കുട്ടികളാണെന്നും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.ഹമാസിന് എതിരെ ശക്തമായ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അറിയിച്ചു.
രാത്രിയില്‍ ഗാസയിലുടനീളം വ്യാപക ബോംബാക്രമണം ആണ് ഇസ്രയേല്‍ സൈന്യം നടത്തിയത്.ജനുവരി പത്തൊന്‍പതിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണം ആണ് ഇന്ന് പുലര്‍ച്ചെ നടന്നത്.ബന്ദിളെ മോചിപ്പിക്കുന്നതിനും വെടിനിര്‍ത്തല്‍ നീണ്ടുന്നതിനും ഹമാസ് തയ്യാറാകാത്ത സാഹചര്യത്തില്‍ ആക്രമണം പുനരാരംഭിച്ചത് എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അറിയിച്ചു.ഹമാസിന് എതിരെ ശക്തമായ ആക്രമണം തുടരാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇത് തുടരും എന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.ഗാസയില്‍ പലയിടത്തും ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെ ഒഴിഞ്ഞുപോകലിന് ജനങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഗാസ സിറ്റിയുടെ പടിഞ്ഞാറന്‍ ഭാഗത്തും ഖാന്‍ യൂനിസിലും ഉളള അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേക്ക് ജനങ്ങള്‍ ഒഴിഞ്ഞുപോകണം എന്നാണ് ഇസ്രയേല്‍ പ്രതിരോധസേനയുടെ നിര്‍ദ്ദേശം.
നിരാലംബരായ ജനങ്ങളെ ഇസ്രയേല്‍ ആക്രമിക്കുന്നുവെന്ന് ഹമാസ് ആരോപിച്ചു.മധ്യസ്ഥ രാഷ്ട്രങ്ങള്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണം എന്നും ഹമാസ് ആവശ്യപ്പെട്ടു.ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ രണ്ടാംഘട്ട വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല.ഗാസയില്‍ ആക്രമണം പുനരാരംഭിക്കും മുന്‍പ് അമേരിക്കന്‍ ഭരണകൂടത്തിന് ഇസ്രയേല്‍ അറിയിപ്പ് നല്‍കിയിരുന്നുവെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.