ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ ഗാസയില്‍ വീണ്ടും പിടിമുറുക്കി ഹമാസ്.നിരത്തുകളില്‍ പൊലീസ് ഉദ്യോഗസ്ഥരെ ഹമാസ് വിന്യസിച്ചു.അടിസ്ഥാന സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനും നീക്കം തുടങ്ങി.ഹമാസ് വീണ്ടും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയത് ഗാസവെടിനിര്‍ത്തലിന് ഭീഷണിയാകും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
വെടിനിര്‍ത്തലിന് പിന്നാലെ നീല യൂണിഫോം ഇട്ട ഹമാസിന്റെ പൊലീസ് ഉദ്യോഗസ്ഥര്‍ ഗാസയുടെ സുരക്ഷാ ചുമതല ഏറ്റെടുത്തിരിക്കുകയാണ്.തെരുവുകളില്‍ പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ട്.ഗാസക്കുള്ളില്‍ സഹായവുമായി എത്തുന്ന ട്രക്കുകള്‍ക്ക് ഹമാസ് പൊലീസാണ് സുരക്ഷ ഒരുക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിസായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.എഴുനൂറോളം പൊലീസ് ഉദ്യോഗസ്ഥരാണ് ട്രക്കുകള്‍ക്ക് സുരക്ഷ ഒരുക്കുന്നത്.മോഷണം തടയുന്നതിനാണ് പൊലീസിനെ വിന്യസിച്ചത് എന്ന ഗാസ മീഡിയ ഓഫീസ് അറിയിച്ചു.ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളും ഹമാസ് ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നത് അടക്കമുള്ള മറ്റ് പ്രവര്‍ത്തനങ്ങളും ഹമാസ് ഭരണകൂടം ആരംഭിച്ചു.ഹമാസ് ഭരണകൂടം ഗാസയുടെ നിയന്ത്രണം തുടരുകയാണെന്ന് ഗവണ്‍മെന്റ് മീഡിയ ഓഫീസ് ഡയറക്ടര്‍ ഇസ്മയില്‍ അല്‍ തവാബ്ത പറഞ്ഞു.
ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പതിനെണ്ണായിരത്തിലധികം ഉദ്യോഗസ്ഥര്‍ ഹമാസ് ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ഞായറാഴ്ച ആര്‍പ്പുവിളിക്കുന്ന ജനക്കൂട്ടത്തിന്റെ നടുവിലൂടെ പരേഡ് നടത്തിയാണ് ഹമാസ് ആഘോഷിച്ചത്.ഹമാസ് വീണ്ടും ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് വെടിനിര്‍ത്തലിന് ഭീഷണിയാണ്.ഗാസയുടെ നിയന്ത്രണം ഹമാസിന്റെ കൈകളിലെത്താന്‍ ഇനി അനുവദിക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്.ഒന്നാം ഘട്ടവെടിനിര്‍ത്തലിന്റെ പതിനാറാം ദിവസം മുതല്‍ രണ്ടാംഘട്ടവെടിനിര്‍ത്തലിനെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിക്കാം എന്നതാണ് നിലവിലെ ധാരണ.സ്ഥിരവെടിനിര്‍ത്തല്‍ അടക്കമുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്.എന്നാല്‍ ഹമാസ് വീണ്ടും ഗാസയില്‍ പിടിമുറുക്കുന്നത് ഈ ചര്‍ച്ചകളെപ്പോലും ഇല്ലാതാക്കിയേക്കും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍