ഗാസയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ട് വെച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി.പകരമായി ഹമാസ് ബന്ദികളാക്കി നാല് ഇസ്രയേല്‍ സ്വദേശികളെ വിട്ടയക്കും.ഖത്തര്‍ തലസ്ഥാനമായ ദോഹയിലും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചു.
സ്ഥിരമായ വെടിനിര്‍ത്തലിലേക്ക് എത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി രണ്ട് ദിവസത്തെ ഹ്രസ്വവെടിനിര്‍ത്തല്‍ എന്ന നിര്‍ദ്ദേശം ആണ് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി മുന്നോട്ട് വെച്ചിരിക്കുന്നത്. ഹ്രസ്വകാലവെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് പത്ത് ദിവസങ്ങള്‍ക്കുളളില്‍ സ്ഥിതിരമായ വെടിനിര്‍ത്തിലിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കണം എന്നും അല്‍സിസി ആവശ്യപ്പെട്ടു.ഒരു വര്‍ഷത്തിലധികമായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കുന്നതിനാണ് ശ്രമം എന്നും ഈജിപ്ത് പ്രസിഡന്റ് അറിയിച്ചു. എന്നാല്‍ അല്‍സീസിയുടെ നിര്‍ദ്ദേശത്തോട് ഇസ്രയേലോ ഹമാസോ പ്രതികരിച്ചിട്ടില്ല.ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാതെ ഗാസയില്‍ നിന്നും പുറത്തുപോകില്ലെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍മാറാതെ വെടിനിര്‍ത്തലിന് ഇല്ലെന്ന് ഹമാസും നിലപാട് സ്വീകരിക്കുമ്പോള്‍ അല്‍സീസിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കപ്പെടാന്‍ സാധ്യതയില്ല.അതെസമയം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനാരരംഭിച്ചിട്ടുണ്ട്.അമേരിക്കയില്‍ നിന്നും സിഐഎ തലവനും ഇസ്രയേല്‍ പക്ഷത്ത് നിന്നും മൊസാദിന്റെ മേധാവിയും ആണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ഹമാസിന്റെ പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ല.ഗാസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളാണ് അമേരിക്കയും ഖത്തറും നടത്തുന്നത്.