ഗാസയില്‍ മുപ്പത് ദിവസത്തെ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിലെ ഭിന്നതയാണ് വെടിനിര്‍ത്തല്‍ ധാരണയിലേക്ക് എത്തുന്നതിന് തടസ്സം. ഇതിനിടെ ഖാന്‍ യൂനിസ് പട്ടണം പൂര്‍ണ്ണമായും വളഞ്ഞതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി ഖത്തര്‍ അമേരിക്ക ഈജിപിത് എന്നി രാഷ്ട്രങ്ങളുടെ മധ്യസ്ഥതയില്‍ ആണ് ഇസ്രയേലും ഹമാസുമായി ചര്‍ച്ച നടത്തുന്നത്.
ഡിസംബര്‍ അവസാനം ആരംഭിച്ച ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടെന്നാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിസായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേലി ബന്ദികളേയും പലസ്തീന്‍ തടവുകാരേയും പരസ്പരം കൈമാറുന്നതിനും മുപ്പത് ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനും ഇസ്രയേലും ഹമാസും ഏകദേശം ധാരണയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ താത്കാലിക വെടിനിര്‍ത്തല്‍ യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിലേക്കുള്ള ചര്‍ച്ചകളില്‍ ഇസ്രയേലിലും ഹമാസിനും ഇടയില്‍ സമവായമുണ്ടാക്കാന്‍ മധ്യസ്ഥ രാഷ്ട്രങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.
ഹമാസ് നേതാക്കള്‍ ഗാസ വിടുമെങ്കില്‍ സമ്പൂര്‍ണ്ണ വെടിനിര്‍ത്തല്‍ എന്നാണ് ഇസ്രയേല്‍ മുന്നോട്ട് വെയ്ക്കുന്ന ഉപാധി. ഇത് അംഗീകരിക്കാന്‍ ഹമാസ് നേതൃത്വം തയ്യാറല്ല. ഇസ്രയേലിനും ഹമാസിനും ഇടയിലെ ഈ ഭിന്നതകള്‍ പരിഹരിക്കുന്നതിനാണ് മധ്യസ്ഥ രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്.അതെസമയം ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രയേല്‍ സൈന്യം ബോംബാക്രമണം ശക്തിപ്പെടുത്തി. ഖാന്‍ യൂനിസ് പൂര്‍ണ്ണമായും വളഞ്ഞെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഖാന്‍ യൂനിസില്‍ ശേഷിക്കുന്ന ജനങ്ങളോട് വേഗത്തില്‍ ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദ്ദേശിച്ചു.