ഗാസയില്‍ അടുത്ത എട്ട് ആഴ്ച്ച വരെ പൂര്‍ണ്ണതോതില്‍ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേനം. അതിനുള്ളില്‍ ഹമാസിനെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ കഴിയും എന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രതീക്ഷ. ഇതിനിടെ ഹമാസ് ബന്ദികളെ ഉടന്‍ മോചിപ്പിക്കുന്നില്ലെങ്കില്‍ റഫായില്‍ മാര്‍ച്ച് പത്തിന് കരയുദ്ധം ആരംഭിക്കുന്നെ് ഇസ്രയേല്‍ മന്ത്രി മുന്നറിയിപ്പ് നല്‍കി.ഗാസ മുനമ്പില്‍ പൂര്‍ണ്ണതോതിലുളള യുദ്ധം ആറ് മുതല്‍ എട്ട് ആഴ്ച്ചകള്‍ വരെയെ ഇനി വേണ്ടിവരു എന്നാണ് ഇസ്രയേല്‍ സൈന്യം കണക്കുകൂട്ടുന്നത്. അതിന് ശേഷം ലക്ഷ്യം നിര്‍ണ്ണയിച്ചുള്ള വ്യോമാക്രമണങ്ങള്‍ അടക്കം പരിമിതമായ ആക്രമണങ്ങളെ വേണ്ടിവരു എന്നാണ് ഇസ്രേയല്‍ പ്രതിരോധ സേന കരുതുന്നത്.
ഗാസയിലെ ഹമാസിന്റെ ഇരുപത്തിനാല് ബറ്റാലിയനുകളില്‍ പതിനെട്ടും തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗല്ലാന്റ് വ്യക്തമാക്കി. റഫാ ആണ് ഇപ്പോള്‍ ഹമാസിന്റെ കേന്ദ്രസ്ഥാനം എന്നും ഇവിടെ ആക്രമണം ആസൂത്രണം ചെയ്യുകയാണെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി പറഞ്ഞു. റഫായില്‍ ഹമാസിന്റെ കമാന്‍ഡ് സെന്ററുകളും തുരങ്കങ്ങളും ഉണ്ട്. സാധാരണക്കാര്‍ക്ക് ദോഷമുണ്ടാകാതിരിക്കാന്‍ പ്രത്യേകനടപടിക്രമങ്ങള്‍ സ്വീകരിച്ച ശേഷമായിരിക്കും റഫായില്‍ ഹമാസിന് നേര്‍ക്കുള്ള ആക്രമണം എന്നും യോവ് ഗല്ലാന്റ് പറഞ്ഞു. അതെസമയം ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തവരെ ഹമാസ് ഉടന്‍ വിട്ടയക്കുന്നില്ലെങ്കില്‍ മാര്‍ച്ച് പത്തിന് റഫായില്‍ ആക്രമണം ആരംഭിക്കും എന്ന് ഇസ്രയേല്‍ യുദ്ധമന്ത്രിസഭാ അംഗം ബെന്നി ഗ്യാന്റ്‌സ് ഭീഷണി മുഴക്കി.
മാര്‍ച്ച് പതിനൊന്നിനോ പന്ത്രണ്ടിനോ റമദാന്‍ ആരംഭിക്കാന്‍ ഇരിക്കെ ആണ് പതിനഞ്ച് ലക്ഷത്തോളം പേര്‍ അഭയം തേടിയിരിക്കുന്ന റഫായില്‍ കരയുദ്ധം ആരംഭിക്കും എന്ന് ഇസ്രയേലിന്റെ മുന്‍പ്രതിരോധ മന്ത്രി കൂടിയായ ബെന്നി ഗ്യാന്റസ് മുന്നറിയിപ്പ് നല്‍കുന്നത്. റമദാന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി ഖത്തറിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ആശാവഹമായ പുരോഗതികള്‍ ഇല്ല.