ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള യു.എന്‍ രക്ഷാസമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്തതില്‍ കടുത്ത നിരാശ രേഖപ്പെടുത്തി യുഎഇ. ഗാസയിലെ മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നതിന് നടപടി കാരണമാകും എന്ന് യുഎഇ വ്യക്തമാക്കി.ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് രക്ഷാസമിതിയില്‍ എത്തിയ മൂന്നാമത് പ്രമേയം ആണ് അമേരിക്ക വീറ്റോ ചെയ്യുന്നത്.ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ അല്‍ജീരിയ കൊണ്ടുവന്ന പ്രമേയം ആണ് അമേരിക്ക വീറ്റോ ചെയ്തത്.
ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി ഖത്തറിന്റെയും ഈജിപ്തിന്റെയും അമേരിക്കയുടെയും നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളെ പ്രമേയം അപകടത്തിലാക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് വീറ്റോ ചെയ്തത്.പതിനഞ്ച് അംഗ രക്ഷാസമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ പതിമൂന്ന് രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. യു.കെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. തുടര്‍ന്നാണ് അമേരിക്ക പ്രമേയം വീറ്റോ ചെയ്തത്. അമേരിക്കയുടെ നടപടി ഖേദകരവും നിരാശാജനകവും ആണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ചൈനയും അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തി. ഗാസയില്‍ നരനായാട്ട് തുടരുന്നതിന് അമേരിക്ക പച്ചക്കൊടി കാട്ടുകയാണെന്ന് ചൈന ആരോപിച്ചു.
യുഎന്‍ രക്ഷാസമിതി ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രമേയം കൊണ്ടുവന്ന അല്‍ജീരിയയും ആരോപിച്ചു. ഒക്ടോബര്‍ ഏഴിന് ശേഷം ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ എത്തിയ മുഴുവന്‍ പ്രമേയങ്ങളും അമേരിക്ക വീറ്റോ ചെയ്തിരിക്കുകയാണ്. എന്നാല്‍ ഗാസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം അമേരിക്ക രക്ഷാസമിതിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. റഫായില്‍ കരയുദ്ധം ആരംഭിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തേയും അമേരിക്ക പ്രമേയത്തില്‍ എതിര്‍ക്കുന്നുണ്ട്.