ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുളള ശ്രമങ്ങളില്‍ പുരോഗതിയുണ്ടെന്ന് മധ്യസ്ഥ രാഷ്ട്രങ്ങള്‍. മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളോട് ഹമാസ് അനുകൂലമായി പ്രതികരിച്ചെന്ന് ഖത്തര്‍. വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്താന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്ന് അമേരിക്ക. ഹമാസിന്റെ പ്രതികരണം ഇസ്രേയലിനെ അറിയിക്കും എന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.
ഗാസയില്‍ ആദ്യഘട്ടമായി ഏതാനും ആഴ്ച്ചകള്‍ നീളുന്ന വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി മധ്യസ്ഥരാഷ്ട്രങ്ങള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് ഫലം ഉണ്ടെന്നാണ് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനി വ്യക്തമാക്കുന്നത്. മധ്യസ്ഥ രാജ്യങ്ങളുടെയും ഇസ്രയേലിന്റെയും ഉന്നത പ്രതിനിധികള്‍ പാരീസില്‍ യോഗം ചേര്‍ന്ന് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി ഹമാസിന് നല്‍കിയിരുന്നു. ഇതിനോട് ഹമാസ് പൊതുവെ അനുകൂലമായി പ്രതികരിച്ചുവെന്നാണ് ഖത്തര്‍ പ്രധാനമന്ത്രി അറിയിച്ചത്. എന്നാല്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേങ്ങളുടെ വിശദാംശങ്ങളോ ഹമാസിന്റെ പ്രതികരണത്തിന്റെ കൂടുതല്‍ പ്രതികരണങ്ങളോ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനി വെളിപ്പെടുത്തിയിട്ടില്ല.
മധ്യസ്ഥ രാഷ്ട്രങ്ങള്‍ ഒരുമാസത്തിലധികമായി നടത്തിവരുന്ന വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് ഒടുവില്‍ ആണ് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കനും പശ്ചിമേഷ്യയില്‍ പര്യടനം നടത്തുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ അനിവാര്യമാണെന്നും അതിന് സാധിക്കും എന്നാണ് പ്രതീക്ഷയെന്നും ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചു.
ആറ് ആഴ്ച്ച നീണ്ടുനില്‍ക്കുന്ന താത്കാലിക വെടിനിര്‍ത്തലിനും ബന്ദികളുടെയും പലസ്തീന്‍ തടവുകാരുടെയും മോചനത്തിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ആണ് മധ്യസ്ഥ രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത് എന്നാണ് നേരത്തെ പുറത്ത് വന്ന വിവരം. അതെസമയം വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളില്‍ ഹമാസ് ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് പക്ഷെ ഇസ്രയേല്‍ അംഗീകരിക്കാന്‍ സാധ്യതയില്ല