ഗാസവെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് മധ്യസ്ഥ രാജ്യങ്ങള്‍.തുടര്‍ച്ചര്‍ച്ചകള്‍ വിജയംകണ്ടാല്‍ ഗാസ യുദ്ധം സ്ഥിരമായി അവസാനിക്കും.പക്ഷെ ഗാസയില്‍ നിന്നുള്ള സൈനിക പിന്മാറ്റം അടക്കമുള്ള സങ്കീര്‍ണ്ണവിഷയങ്ങള്‍ മധ്യസ്ഥര്‍ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.ഗാസ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന പതിനൊന്ന് ദിവസങ്ങള്‍ പിന്നിടുകയാണ്.ഒന്നാംഘട്ട വെടിനിര്‍ത്തലിന്റെ പതിനാറാം ദിവസം രണ്ടാംഘട്ടവെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാം എന്നതാണ് നിലവിലെ ധാരണ.ചര്‍ച്ചകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.ഫെബ്രുവരി നാലിന് തുടര്‍ചര്‍ച്ചകള്‍ ആരംഭിച്ചേക്കും.
അമേരിക്കയുടെ പിന്തുണയോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ആണ് തുടര്‍ചര്‍ച്ചകള്‍.വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഹമാസിനും ഇസ്രയേലിനും ഇടയില്‍ രൂപപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മധ്യസ്ഥരാജ്യങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.വെടിനിര്‍ത്തലിന്റെ അടുത്തഘട്ടങ്ങളെക്കുറിച്ചുളള ചര്‍ച്ചകള്‍ക്കായി ഹമാസ് പ്രതിനിധി സംഘം ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ എത്തിയിട്ടുണ്ട്.ഹമാസിന്റെ പക്കലുള്ള അറുപതോളം ബന്ദികളുടെ മോചനവും ഗാസയില്‍ നിന്നുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ സമ്പൂര്‍ണ്ണ പിന്മാറ്റവും ആണ് അടുത്തഘട്ടത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്.
ഗാസയില്‍ നിന്നുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ പൂര്‍ണ്ണപിന്മാറ്റം എന്ന വിഷയത്തിലാണ് മുന്‍പ് നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എല്ലാം പരാജയപ്പെട്ടത്.ഇത്തവണ സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ രണ്ടാംഘട്ടത്തിലേക്ക് മാറ്റിവെച്ച് വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തുന്നതിന് മധ്യസ്ഥരാജ്യങ്ങള്‍ ശ്രമിച്ചതുകൊണ്ടാണ് വെടിനിര്‍ത്തലിലേക്ക് കാര്യങ്ങള്‍ എത്തിയത്.തുടര്‍ചര്‍ച്ചകളില്‍ ശേഷിക്കുന്ന വിഷയങ്ങളില്‍ ധാരണരൂപപ്പെടുത്താന്‍ മധ്യസ്ഥര്‍ക്ക് കഴിഞ്ഞാല്‍ ഗാസ യുദ്ധത്തിന് അവസാനമാകും.