ഗാസവെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള പുതിയ നിര്‍ദ്ദേശം ഇസ്രയേല്‍ അംഗീകരിച്ചെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍.എന്നാല്‍ പുതിയ നിര്‍ദ്ദേശങ്ങളോട് ഹമാസ് അനുകൂലമായല്ല പ്രതികരിക്കുന്നത്. ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ഹമാസ് ആരോപിച്ചു.
പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ആണ് ഗാസ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് ആന്റണി ബ്ലിങ്കന്‍ പ്രഖ്യാപിച്ചത്.
ഇനി ഹമാസ് ആണ് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കേണ്ടതെന്നും ബ്ലിങ്കന്‍ പറഞ്ഞു.ടെല്‍അവീവ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ബ്ലിങ്കന്‍ ഖത്തറിലും ഈജിപ്തിലും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. ഈ ആഴ്ച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുമ്പോള്‍ കെയ്‌റോയിലേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന് നെതന്യാഹുവും അറിയിച്ചു. എന്നാല്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള പുതിയ നിര്‍ദ്ദേശങ്ങളോട് ഹമാസിന് യോജിപ്പില്ല. പുതിയ നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടില്ലെന്നും തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും ഹമാസ് നേതാവ് ഒസാമ ഹംദാന്‍ അറിയിച്ചു.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാര്‍ നടപ്പാക്കണം എന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. ഈ കരാര്‍ നടപ്പാക്കുന്നതിന് ഹമാസ് അംഗീകരിച്ചതാണ്.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നീട്ടിക്കൊണ്ട് പോകുന്നതിലൂടെ ഗാസയില്‍ കൂട്ടക്കൊല നടത്താന്‍ ഇസ്രയേലിന് കൂടുതല്‍ സമയം നല്‍കുകയാണ് അമേരിക്ക ചെയ്യുന്നത് എന്നും ഹമാസ് നേതൃത്വം ആരോപിച്ചു.ജൂണ്‍ പതിനൊന്നിന് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ച ഗാസവെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിന് ലോകരാജ്യങ്ങള്‍ ഇസ്രയേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണം എന്നും ഹമാസ് ആവശ്യപ്പെട്ടു.