പ്രശസ്ത ഹോളിവുഡ് നടൻ ഡാരൻ കെന്റ് അന്തരിച്ചു. 36 വയസ്സായിരുന്നു. ഗെയിം ഓഫ് ത്രോൺസ് എന്ന വെബ്സീരീസിലെ ഇടയവേഷത്തിലൂടെ ലോകപ്രശസ്തിയിലേക്കുയർന്ന വ്യക്തിയാണ് ഡാരൻ. മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല.
അദ്ദേഹത്തിന്റെ ടാലന്റ് ഏജൻസിയായ കെയറി ഡോഡ് അസോസിയേറ്റ്സ് ട്വിറ്ററിലൂടെ മരണവാർത്ത പുറത്തുവിട്ടു. ‘‘ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തും ഉപഭോക്താവുമായ ഡാരൻ കെന്റ് വെള്ളിയാഴ്ച വിടപറഞ്ഞ കാര്യം ദുഃഖത്തോടെ നിങ്ങളെ അറിയിക്കുകയാണ്. മരണസമയത്ത് അദ്ദേഹത്തിനൊപ്പം മാതാപിതാക്കളും സുഹൃത്തുക്കളുമുണ്ടായിരുന്നു. പ്രയാസമേറിയ ഈ സമയത്ത് ഞങ്ങളുടെ സ്നേഹം അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമുണ്ട്’’- ഏജൻസി എക്സിൽ കുറിച്ചു.
2008ൽ പുറത്തിറങ്ങിയ മിറർ ആയിരുന്നു ഡാരൻ കെന്റ്ന് ലോക ശ്രദ്ധനേടി ക്കൊടുത്ത ചിത്രം. പിന്നാലെ എമ്മി പുരസ്കാരത്തിന് അർഹമായ ഗെയിം ഓഫ് ത്രോൺസിൽ വേഷമിട്ടു. ‘സണ്ണിബോയ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് 2012ൽ മികച്ച നടനുള്ള വാൻ ഡി പുരസ്‌കാരം ലഭിച്ചു. 2023 ൽ പുറത്തിറങ്ങിയ ‘ഡൺജിയൻസ് ആന്റ് ഡ്രാഗൺസ്; ഓണർ എമങ് തീവ്‌സ്’ ആണ് അവസാന ചിത്രം. 2021ൽ യു നോ മീ എന്ന ചിത്രം കെന്റ് സംവിധാനം ചെയ്തു. സ്‌നോ വൈറ്റ് ആൻഡ് ദി ഹണ്ട്‌സ്‌മാൻ, മാർഷൽസ് ലോ, ബ്ലഡി കട്ട്‌സ്, ദി ഫ്രാങ്കെൻസ്റ്റൈൻ ക്രോണിക്കിൾസ്, ബ്ലഡ് ഡ്രൈവ്, ലെസ് മിസറബിൾസ്, ഗ്രീൻ ഫിംഗേഴ്സ്, ഈസ്റ്റ് എൻഡേഴ്സ്, ഹാപ്പി അവേഴ്‌സ്, ലവ് വിത്തൗട്ട് വാൾസ്, ബേർഡ് സോറോ എന്നിവയാണ് അദ്ദേഹം വേഷമിട്ട മറ്റു സിനിമകൾ.