സർക്കാരിന്റെ കേരളീയം പരിപാടിയിൽ ആദിവാസി വിഭാഗത്തിൽപെട്ടവരെ പ്രദർശന വസ്തുവാക്കിയെന്ന പരാതിയിൽ ദേശീയ പട്ടികവർഗ കമ്മീഷൻ്റെ ഇടപെടൽ. പരാതിയുടെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മീഷൻ റിപ്പോർട്ട് തേടി. യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാം രാജിന്റെ പരാതിയിലാണ് നടപടി.
കേരളീയത്തിലെ ആദിവാസി വിഭാഗത്തിന്റെ പരിപാടിയാണ് വിവാദമായത്. ആദിവാസി വിഭാഗത്തെ വേഷം കെട്ടി പ്രദർശന വസ്തുവാക്കി നിർത്തിയെന്നായിരുന്നു വിമർശനം. ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഷോകേസിൽ വയ്ക്കേണ്ട ഒന്നല്ല ആദിവാസികൾ. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു. കനകക്കുന്നിലെ ആദിവാസി പ്രദർശനം വലിയ രീതിയിൽ വിമർശനത്തിന് വഴിവെച്ചിരുന്നു.
കേരള ചീഫ് സെക്രട്ടറി ഡോ: വി വേണുവിനോടും ഡിജിപി ഡോ: ഷെയ്ഖ് ധർവ്വേഷ് സാഹിബിനോടുമാണ് മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും കമ്മീഷനു മുമ്പിൽ നേരിട്ട് ഹാജരാകേണ്ടിവരുമെന്നും നിർദേശിച്ചിട്ടുണ്ട്.