പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് ഗോഫസ്റ്റിന് തൊണ്ണൂറ് ദിവസം കൂടി സമയം അനുവദിച്ച് ഇന്ത്യന്‍ കമ്പനി നിയമ ട്രിബ്യൂണല്‍. അടുത്ത മൂന്ന് മാസത്തേക്കുള്ള പ്രവര്‍ത്തന പദ്ധതിയും ഗോഫസ്റ്റ് എന്‍.സി.എല്‍.ടിക്ക് സമര്‍പ്പിക്കണം.സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ മെയില്‍ സര്‍വീസ് നിര്‍ത്തിയ ഗോഫസ്റ്റ് തിരികെ വരാന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലവത്തായില്ല. സര്‍വീസ് മുടങ്ങി ആറ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രശ്‌നപരിഹാരം കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ് മൂന്ന് മാസങ്ങള്‍കൂടി ദേശീയകമ്പനി നിയമ ട്രിബ്യൂണല്‍ അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി നാല് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 6500 കോടി രൂപയോളം ആണ് ഗോഫസ്റ്റിന്റെ കടം.
ഏതാനും വിമാനങ്ങളുമായി സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട് പോയ ഗോഫസ്റ്റിന് വിമാനങ്ങള്‍ വാടകയ്ക്ക് നല്‍കിയ കമ്പനികള്‍ നല്‍കിയ കേസുകള്‍ ആണ് തടസ്സമായത്. പിന്നാലെ പൈലറ്റും ക്യാബിന്‍ ക്രൂവും അടക്കമുള്ള വിമാനജീവനക്കാര്‍ മറ്റ് എയര്‍ലൈനുകളിലേക്ക് ചേക്കേറി. എയര്‍ലൈന്‍ ഏറ്റെടുക്കുന്നതിന് നവീന്‍ ജിന്‍ഡാലിന്റെ ജിന്‍ഡാല്‍ ഗ്രൂപ്പ് താത്പര്യം പ്രകടപ്പിച്ച് രംഗത്ത് എത്തിയിരുന്നുവെങ്കില്‍ പിന്നീട് പിന്‍മാറി.
മലേഷ്യന്‍ എയര്‍ലൈന്‍സും ഗോഫസ്റ്റ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.ഒരു മികച്ച കമ്പനി ഇപ്പോഴും എയര്‍ലൈന്‍ ഏറ്റെടുക്കുന്നതിനായി താത്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ടെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഗോഫസ്റ്റ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരികെ വരുന്നില്ലെങ്കില്‍ പിന്നീട് അത് അസാധ്യമായി മാറും.